മഹീന്ദ്രയുടെ ചെറുഹാച്ച്ബാക്ക് ഉടൻ

ഇന്ത്യൻ ചെറുകാർ വിപണിയിലെ വിപുല സാധ്യതകൾ മുൻനിർത്തി ‘എസ് 101’ എന്ന കോഡ് നാമത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) വികസിപ്പിക്കുന്ന ഹാച്ച്ബാക്ക് പുതുവർഷത്തിൽ നിരത്തിലെത്തും. ഹ്യുണ്ടേയ് ‘ഇയോൺ’, മാരുതി സുസുക്കി ‘സെലേറിയൊ’, ‘വാഗൻ ആർ’, മഹീന്ദ്രയുടെ പഴയ പങ്കാളിയായ റെനോയുടെ ‘ക്വിഡ്’ എന്നിവയോടു പടവെട്ടാനുള്ള ഹാച്ച്ബാക്ക് ജനുവരി മൂന്നാം വാരം പുറത്തിറങ്ങുമെന്നാണു സൂചന. ‘ക്വിഡി’ന്റെ വിജയത്തിൽ പ്രതീക്ഷയർപ്പിച്ചു മഹീന്ദ്ര പുറത്തിറക്കുന്ന ‘എസ് 101’ ഹാച്ച്ബാക്കിനു കരുത്തേകാൻ പുതിയ പെട്രോൾ എൻജിനാവും രംഗത്ത്. കൂടാതെ ഡീസൽ എൻജിനോടെയും ഈ വാഹനം ലഭ്യമാവും. അടുത്തയിടെ പുറത്തെത്തിയ ‘ടി യു വി 300’ എസ് യു വിയിലെ ‘എം ഹോക്ക് 80’ എൻജിനും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനു(എ എം ടി)മൊക്കെ ‘എസ് 101’ ഹാച്ച്ബാക്കിലും പ്രതീക്ഷിക്കാം.

അതേസമയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തെ അനുകരിക്കുന്ന രൂപവും എൻട്രി ലവൽ കാറിന്റെ വിലയുമായി വിപണിയിലെത്തിയതാണു ‘ക്വിഡി’നെ ജനപ്രിയമാക്കിയതെന്നാണു വിലയിരുത്തൽ. ഒക്ടോബർ അവസാനം അരങ്ങേറ്റം കുറിച്ച ‘ക്വിഡി’നായി അരലക്ഷത്തോളം പേരാണു ബുക്കിങ് നടത്തി കാത്തിരിക്കുന്നത്.‘ക്വിഡി’നെ പോലെ എസ് യു വിയെ അനുസ്മരിപ്പിക്കുന്ന രൂപവും ആകർഷക വിലയുമാവും ‘എസ് 101’ ഹാച്ച്ബാക്കിൽ മഹീന്ദ്രയും പരീക്ഷിക്കുക. അതുകൊണ്ടുതന്നെ നാലു ലക്ഷം രൂപയിൽ താഴെ വിലയ്ക്കാവും മഹീന്ദ്ര പുതിയ മോഡൽ അവതരിപ്പിക്കുകയെന്ന അഭ്യൂഹവും ശക്തമാണ്.

അടിസ്ഥാന മോഡലിന് ഡൽഹി ഷോറൂമിൽ 2,56,968 രൂപ വിലയുള്ള ‘ക്വിഡി’ന്റെ അരങ്ങേറ്റം സെപ്റ്റംബർ 24നായിരുന്നു. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ നിർമിച്ചത്; കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചവയാണ്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ. റെനോ — നിസ്സാൻ സഖ്യം വികസിപ്പിച്ച പുതിയ 793 സി സി, മൂന്നു സിലിണ്ടർ എൻജിനാണു‘ക്വിഡി’നു കരുത്തേകുന്നത്; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്.