പുതുമോഡലുകൾ വഴി വിൽപ്പന മെച്ചപ്പെടുത്താൻ മഹീന്ദ്ര

വാഹന വ്യാപാര മേഖലയിലെ ചാഞ്ചാട്ടത്തെ അതിജീവിക്കാൻ ഒക്ടബോർ — മാർച്ച് കാലത്ത് പുതു മോഡലുകൾ അവതരിപ്പിക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ചെയർമാൻ ആനന്ദ് മഹീന്ദ്ര. അവതരണത്തിനു തയാറായ മോഡലുകൾ പുറത്തിറക്കി സാമ്പത്തിക വർഷത്തിന്റെ ഉത്തരാർധത്തിൽ മികച്ച വിൽപ്പന കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ നിശ്ചയദാർഢ്യത്തോളം പോന്ന പ്രതിവിധിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിസന്ധിഘട്ടത്തെ അതിജീവിക്കുന്നതിൽ മുളകളോടു കിട പിടിക്കുന്ന മികവാണു മഹീന്ദ്ര പ്രകടിപ്പിക്കുന്നതെന്നും കമ്പനി ചെയർമാൻ അവകാശപ്പെട്ടു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ വാഹന വിൽപ്പനയിൽ 10% ആയിരുന്നു ഇടിവ് ലാഭക്ഷമതയേറിയ ട്രാക്ടറുകളുടെ വിൽപ്പനയിലാവട്ടെ ഇടിവ് 30 ശതമാനവും. ഇതിനു മുമ്പ് 2008 — 09 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലാണു ട്രാക്ടർ വിൽപ്പനയിൽ സമാന ഇടിവു നേരിട്ടതെന്നും മഹീന്ദ്ര അനുസ്മരിച്ചു. ഇത്തരം തിരിച്ചടികളെ തുടർന്ന് അന്നു കമ്പനിയുടെ ലാഭം ഒരു കോടി രൂപയായി താഴ്ന്നിരുന്നു. എന്നാൽ ഇക്കുറി ട്രാക്ടർ വിൽപ്പന കുത്തനെ ഇടിഞ്ഞിട്ടും 617 കോടി രൂപ ലാഭം നേടാൻ കമ്പനിക്കു കഴിഞ്ഞു. വരുമാനവും ലാഭവും ഉറപ്പാക്കാൻ കമ്പനി സ്വീകരിച്ച വിവിധ നടപടികളുടെ ഫലങ്ങളാണ് ഇപ്പോൾ ദൃശ്യമാവുന്നതെന്നും മഹീന്ദ്ര അവകാശപ്പെട്ടു.

ആഗോളതലത്തിൽ തന്നെ ആവശ്യം ഇടിഞ്ഞതിനാൽ രാജ്യത്തെ 10 മുൻനിര വാഹന നിർമാതാക്കളിൽ പകുതിയും വിൽപ്പന ഇടിവ് നേരിടുകയാണ്. കമ്പനിക്കു സജീവ സാന്നിധ്യമുള്ള ട്രാക്ടർ വിഭാഗത്തിലാവട്ടെ ഒറ്റ സംസ്ഥാനത്തു മാത്രമാണ് ആവശ്യം ഉയർന്നതെന്നു മഹീന്ദ്ര വിശദീകരിച്ചു.

സെപ്റ്റംബർ 30ന് അവസാനിക്കുന്ന ത്രൈമാസത്തിലും കാർഷികോപകരണ വ്യാപാരം മെച്ചപ്പെടില്ലെന്നായിരുന്നു കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറും വാഹന വ്യവസായ വിഭാഗം മേധാവിയുമായ പവൻ ഗോയങ്കയുടെ മുന്നറിയിപ്പ്. ജൂലൈയിൽ ട്രാക്ടർ വിൽപ്പനയിൽ 12% ഇടിവു നേരിട്ടത് സാഹചര്യങ്ങളിൽ മാറ്റമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അടുത്ത രണ്ടു മാസക്കാലത്തും സ്ഥിതിഗതിയിൽ ഗണ്യമായ മാറ്റം പ്രതീക്ഷിക്കാനില്ല. പ്രതീക്ഷയിലേറെ മഴ ലഭിച്ചാൽ ഒക്ടോബർ മുതൽ കാർഷികോപകരണ വിപണി ഉണരാൻ സാധ്യതയുണ്ടെന്ന് ഗോയങ്ക അഭിപ്രായപ്പെട്ടു. അവശേഷിക്കുന്ന മാസങ്ങൾക്കിടയിൽ എത്ര മുന്നേറ്റം കൈവരിച്ചാലും ഇക്കൊല്ലത്തെ ട്രാക്ടർ വിൽപ്പനയിൽ ആറു ശതമാനത്തിലേറെ വളർച്ച പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.