ബി എസ് എ കമ്പനി ഇനി മഹീന്ദ്രയ്ക്കു സ്വന്തം

BSA Empire Star 500 cc, 1936

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ബ്രിട്ടീഷ് ഇരുചക്രവാഹന നിർമാതാക്കളായ ബി എസ് എ കമ്പനിയെ ഏറ്റെടുത്തു. 34 ലക്ഷം പൗണ്ട്(ഏകദേശം 28 കോടി രൂപ) ചെലവിട്ടാണു പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര, ബി എസ് എയെ സ്വന്തമാക്കിയത്. ഏറ്റെടുക്കാനായി മോട്ടോർ സൈക്കിൾ ബ്രാൻഡുകളായ നോർട്ടനും ബി എസ് എയുമാണ് മഹീന്ദ്ര പരിഗണിച്ചിരുന്നത്; ഇതിൽ ബി എസ് എയ്ക്കാണ് ഇപ്പോൾ നറുക്കു വീണിരിക്കുന്നത്.

ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്(സി എൽ പി എൽ) യു കെയിലെ ബി എസ് എ കമ്പനി ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയെന്നായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരി വിപണികളെ അറിയിച്ചത്. ഓഹരിക്ക് 28.33 പൗണ്ട് നിരക്കിലാണു സി എൽ പി എൽ 1.2 ലക്ഷം ബി എസ് എ ഓഹരികൾ വാങ്ങിയതെന്നും കമ്പനി അറിയിച്ചു.ഇതോടെ ബി എസ് എ ബ്രാൻഡുകളുടെ ലൈസൻസ് ക്ലാസിക് ലജൻഡ്സിനു കൈവന്നെന്നും ഈ ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾ ആഗോളതലത്തിൽ വിൽക്കാനും വിപണനം ചെയ്യാനും വിതരണം നടത്താനുമുള്ള അവകാശം സ്വന്തമായെന്നും മഹീന്ദ്ര വിശദീകരിച്ചു. മോട്ടോർ സൈക്കിളുമായി ബന്ധപ്പെട്ട ബ്രാൻഡുകളടെ ലൈസൻസിങ്ങാണു ബി എസ് എയുടെ പ്രധാന പ്രവർത്തന മേഖല. യു കെയിൽ സ്ഥാപിതമായ കമ്പനിക്ക് ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ, യു എസ് എ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്.

കഴിഞ്ഞ വർഷം ഫ്രഞ്ച് വാഹന നിർമാതാക്കളായ പി എസ് എ ഗ്രൂപ്പിൽപെട്ട പ്യുഷൊ മോട്ടോർ സൈക്കിൾസി(പി എം ടി സി)ന്റെ 51% ഓഹരികൾ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. എന്നാൽ പ്യുഷൊ മോട്ടോർ സൈക്കിൾസിന്റെ നിയന്ത്രണം ഏതു രീതിയിലാണു പ്രയോജനപ്പെടുത്തുകയെന്നു മഹീന്ദ്ര ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കടന്നു പോയ വർഷങ്ങൾക്കിടെ മഹീന്ദ്ര വിവിധ വിദേശ വാഹന ബ്രാൻഡുകളെ സ്വന്തം കുടക്കീഴിലാക്കിയിട്ടുണ്ട്. ഇറ്റാലിയൻ ഡിസൈൻ സ്ഥാപനമായ പിനിൻഫരിനയുടെ 76.06% ഓഹരികൾ കമ്പനി കഴിഞ്ഞ വർഷം വാങ്ങിയിരുന്നു; ഉപസ്ഥാപനമായ ടെക് മഹീന്ദ്ര വഴിയായിരുന്നു ഈ ഇടപാട്. നേരത്തെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ സാങ്യങ്ങിനെയും മഹീന്ദ്ര ഏറ്റെടുത്തു. കൈനറ്റിക് മോട്ടോഴ്സിന ഏറ്റെടുക്കുക വഴി ഇരുചക്രവാഹന ബ്രാൻഡായ എസ് വൈ എമ്മും മഹീന്ദ്രയുടെ പക്കലെത്തി. വൈദ്യുത കാർ നിർമാണ മേഖലയിൽ പ്രവർത്തിച്ചിരുന്നു രേവ ഇലക്ട്രിക് കാർ കമ്പനിയെയും നേരത്തെ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു.