ഭാരവാഹന വിഭാഗത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ മഹീന്ദ്ര

ഭാര വാണിജ്യ വാഹന വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കു പദ്ധതി. രണ്ടു മൂന്നു വർഷത്തിനകം ഈ വിഭാഗത്തിൽ വിപണി വിഹിതം ഇരട്ടിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്ക അറിയിച്ചു.

ഭാരവാണിജ്യ വാഹന വിഭാഗത്തിൽ താരതമ്യേന നവാഗതരാണ് എം ആൻഡ് എം. എങ്കിലും വരും വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്വയ്ക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. നിലവിൽ ഭാരവാഹണിജ്യ വാഹന വിഭാഗത്തിൽ 2.6 — 2.7% ആണു കമ്പനിയുടെ വിഹിതം. 2018 ആകുമ്പോഴേക്ക് വിപണിയുടെ അഞ്ചോ ആറോ ശതമാനം വിഹിതം സ്വന്തമാക്കാനാവുമെന്നാണു മഹീന്ദ്രയുടെ കണക്കുകൂട്ടൽ.

നിലവിലുള്ള മോഡലുകളുടെ പരിഷ്കാരത്തിനും പുതിയവയുടെ വികസനത്തിനുമായി 500 കോടി രൂപയുടെ നിക്ഷേപവും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിൽ 300 കോടി രൂപ പുതിയ മോഡൽ വികസനത്തിനു മാത്രമാവുമെന്നും ഗോയങ്ക അറിയിച്ചു. പുതിയ ട്രക്കുകൾ 2017ൽ വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ചു മുതൽ ഏഴു ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിഭാഗത്തിൽ കമ്പനിക്കു സാന്നിധ്യമുണ്ടെങ്കിലും ഈ മോഡൽ അടിയന്തരമായി പരിഷ്കരിക്കണമെന്നു ഗോയങ്ക കരുതുന്നു. ഒൻപതു മുതൽ 16 ടൺ വരെ ഭാരം വഹിക്കാവുന്ന വിഭാഗത്തിൽ കമ്പനിക്കു നിലവിൽ പ്രാതിനിധ്യമേയില്ല.

സാധാരണ ഗതിയിൽ വാഹന, ട്രാക്ടർ വിഭാഗങ്ങളിൽ മൊത്തം 2,500 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര ഓരോ വർഷവും നടത്താറുള്ളത്. പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കാനും ഉൽപ്പാദന സൗകര്യങ്ങൾ വികസിപ്പിക്കാനും ഗവേഷണത്തിനുമൊക്കെയുള്ള വിഹിതമാണ് ഇതെന്നു ഗോയങ്ക വിശദീകരിച്ചു. അതേസമയം യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താനും മഹീന്ദ്ര തന്ത്രം മെനയുന്നുണ്ട്. നിലവിൽ ഈ വിഭാഗത്തിൽ 35 — 36% ആണു കമ്പനിയുടെ വിപണി വിഹിതം. ഇതിൽ മൂന്നോ നാലോ ശതമാനത്തിന്റെ വർധനയാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.