വാഹന വില വർധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

Thar

ആഭ്യന്തര വിപണിയിലെ വാഹന വില വർധിപ്പിക്കാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) ആലോചിക്കുന്നു. ഉൽപ്പാദന ചെലവിലെ വർധന നേരിടാനാണ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തോടെ വാഹന വില വർധിപ്പിക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നത്. യാത്ര, ലഘു വാണിജ്യ വാഹന(എൽ സി വി) വിഭാഗങ്ങളിലെ ചില മോഡലുകളുടെ വില വർധിപ്പിക്കാനാണു കമ്പനി ആലോചിക്കുന്നതെന്ന് എം ആൻഡ് എം ചീഫ് എക്സിക്യൂട്ടീവ് (ഓട്ടോ ഡിവിഷൻ) പ്രവീൺ ഷാ അറിയിച്ചു. പ്രവർത്തന ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് അടുത്ത ഒന്നു മുതൽ പ്രാബല്യത്തോടെ വില കൂട്ടാൻ കമ്പനി ആലോചിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഏതൊക്കെ മോഡലുകൾക്കാണ് ശനിയാഴ്ച മുതൽ വില വർധിക്കുകയെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ‘സ്കോർപിയൊ’യ്ക്കും ‘സൈലോ’യ്ക്കും വില വർധിക്കുമെന്നു ഷാ സൂചിപ്പിച്ചു. ചെറു യൂട്ടിലിറ്റി വാഹനമായ ‘കെ യു വി 100’ മുതൽ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) മായ ‘റെക്സ്റ്റൻ’ വരെ നീളുന്നതാണു മഹീന്ദ്രയുടെ മോഡൽ ശ്രേണി; 4.5 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണു കമ്പനി വിൽക്കുന്ന വിവിധ വാഹനങ്ങളുടെ വില.

ഇതിനു പുറമെ ത്രിചക്ര വാഹനങ്ങളടക്കമുള്ള ചെറു വാണിജ്യ വാഹന(എസ് സി വി)ങ്ങളും കമ്പനി വിൽക്കുന്നുണ്ട്. ‘ഇംപീരിയൊ’, ‘ജീത്തോ’ തുടങ്ങിയ എസ് സി വികൾക്ക് 1.82 ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെയാണു ഷോറൂം വില. ഉൽപ്പാദന ചെലവിലെ വർധനയും വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയും മുൻനിർത്തി കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ കഴിഞ്ഞ ഓഗസ്റ്റ് 16 മുതൽ പ്രാബല്യത്തോടെ വാഹന വില ഉയർത്തിയിരുന്നു. 15,000 രൂപ വരെയായിരുന്നു വിവിധ മോഡലുകൾക്ക് കമ്പനി നടപ്പാക്കിയ വില വർധന.

പ്രമുഖ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാവട്ടെ വിവിധ മോഡലുകളുടെ വില 20,000 രൂപ വരെയാണു വർധിപ്പിച്ചത്. ചൂടപ്പം പോലെ വിറ്റഴിയുന്ന കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യുടെ വിലയാണ് മാരുതി സുസുക്കി ഇത്രയും ഉയർത്തിയത്. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ വിലയിൽ 10,000 രൂപയായിരുന്നു വർധന. മിക്ക മോഡലുകൾക്കും കമ്പനി 1,500 — 5,000 രൂപ നിലവാരത്തിൽ വില ഉയർത്തിയിരുന്നു.