‘ഗസ്റ്റോ’യ്ക്കു പ്രത്യേക പതിപ്പ്: ബുക്കിങ് പേ ടിഎമ്മിൽ

നവരാത്രി — ദീപാവലി ഉത്സവകാലം ആഘോഷമാക്കാൻ ഇരുചക്രവാഹന നിർമാതാക്കളായ മഹീന്ദ്ര ടു വീലേഴ്സിന്റെ ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യുടെ പ്രത്യേക പതിപ്പ് എത്തുന്നു. 5,000 രൂപ അഡ്വാൻസ് നൽകി ഇ കൊമേഴ്സ് മൊബൈൽ പേയ്മെന്റ് വെബ്സൈറ്റായ പേ ടിഎം വഴി പരിമിതകാല ‘ഗസ്റ്റോ 110’ ബുക്ക് ചെയ്യാം.

ഉപയോക്താക്കൾക്ക് സൗകര്യാർഥം വാഹനങ്ങൾ തിരഞ്ഞെടുക്കാൻ അവസരമൊരുക്കാനാണ് ഇ കൊമേഴ്സ് സാധ്യതകൾ കമ്പനി പരമാവധി പ്രയോജനപ്പെടുത്തുന്നതെന്ന് മഹീന്ദ്ര ടു വീലേഴ്സ് സീനിയർ ജനറൽ മാനേജർ (സെയിൽസ്, മാർക്കറ്റിങ് ആൻഡ് പ്രോഡക്ട് പ്ലാനിങ്) നവീൻ മൽഹോത്ര വിശദീകരിച്ചു. ‘ഗസ്റ്റോ’യുടെ പ്രത്യേക പതിപ്പ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പേ ടി എമ്മിൽ 5,000 രൂപ അടച്ച് ബുക്ക് ചെയ്യാൻ അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു. പസഫിക് മാറ്റ് ബ്ലൂ, ക്രിംസൺ മാറ്റ് റെഡ് നിറങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന പരിമിതകാല ‘ഗസ്റ്റോ’യ്ക്ക് ഡൽഹി ഷോറൂമിൽ 52,010 രൂപയാണു വില.

‘ഗസ്റ്റോ’യ്ക്കു കരുത്തേകുന്നത് ഫോർ സ്ട്രോക്ക്, 109.6 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 7500 ആർ പി എമ്മിൽ എട്ടു ബി എച്ച് പി കരുത്തും 5500 ആർ പി എമ്മിൽ 7.85 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വേരിയബിൾ റോളർ ട്രാക്ക് സി വി ടി ട്രാൻസ്മിഷനാണു സ്കൂട്ടറിലുള്ളത്. 12 ഇഞ്ച് വീൽ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, റിമോട്ട് ഫ്ളിപ് കീ, എൽ ഇ ഡിയുടെ സാന്നിധ്യമുള്ള ഹാലജൻ ഹെഡ്ലാംപ്, സീറ്റിനടിയിലെ വിശാലമായ സംഭരണ സ്ഥലം തുടങ്ങിയവയാണു ‘ഗസ്റ്റോ’ ശ്രേണിയുടെ സവിശേഷത. ഹോണ്ടയുടെ ‘ആക്ടീവ’, ടി വി എസിന്റെ ‘ജുപ്പീറ്റർ’, ഹീറോ മോട്ടോ കോർപിന്റെ ‘പ്ലഷർ’ തുടങ്ങിയവയോടാണു ‘ഗസ്റ്റോ’യുടെ മത്സരം.