മഹീന്ദ്രയുടെ ‘ടി യു വി 300’ അരങ്ങേറ്റം 10ന്

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ടി യു വി 300’ അവതരണത്തിന്റെ തീയതിയായി. യൂട്ടിലിറ്റി വാഹന മേഖലയിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് മഹീന്ദ്ര പുറത്തിറക്കുന്ന ‘ടി യു വി 300’ അനാവരണ ചടങ്ങുകൾ സെപ്റ്റംബർ 10നു പുണെയ്ക്കടുത്ത് ചക്കനിലുള്ള നിർമാണശാലയിലാവും. ‘എക്സ് യു വി 500’ പോലുള്ള വാഹനങ്ങൾ നിർമിക്കുന്ന ചക്കൻ ശാലയെയാണ് ‘ടി യു വി 300’ അവതരണത്തിന് തിരഞ്ഞെടുത്തതെന്ന് മഹീന്ദ്രയുടെ ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ അറിയിച്ചു. എന്നാൽ വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.

ഡൽഹിയിൽ 6.23 ലക്ഷം മുതൽ 8.89 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടൊയോട്ട ‘എത്തിയോസ് ക്രോസ്’, ഹ്യുണ്ടായ് ‘ഐ 20 ആക്ടീവ്’, ഫിയറ്റ് ‘അവഞ്ചുറ’ തുടങ്ങിയവയെ നേരിടാനാണു മഹീന്ദ്ര ‘ടി യു വി 300’ അവതരിപ്പിക്കുന്നത്. നിലവിൽ ക്രോസ്ഓവറുകൾ വാഴുന്ന കോംപാക്ട് എസ് യു വി വിപണിയിൽ യഥാർഥ സ്പോർട് യൂട്ടിലിറ്റി വാഹനം ആഗ്രഹിക്കുന്നവരെയാവും ‘ടി യു വി 300’ വഴി മഹീന്ദ്ര നോട്ടമിടുക.

‘പൂജ്യ’ത്തിൽ അവസാനിക്കുന്ന നാമങ്ങൾ തിരഞ്ഞെടുക്കുന്ന പതിവു പിന്തുടർന്നാണു മഹീന്ദ്ര പുതിയ മോഡലിന് ‘ടി യു വി 300’ എന്നു പേരിട്ടത്. ‘യു 301’ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എസ് യു വിയുടെ പേര് ‘ടി യു വി ത്രീ ഡബിൾ ഒ’ എന്നാണ് ഉച്ചരിക്കുക; എസ് യു വിയുടെ ദൃഢതയും രൂപഭംഗിയും പ്രതിഫലിപ്പിക്കുന്നതാണു പേരിലുള്ള ‘ടഫി’ന്റെ ചുരുക്കെഴുത്തായ ‘ടി’. ‘300’ എന്നതാവട്ടെ സീരീസ് നാമമാണെന്നാണ് എം ആൻഡ് എമ്മിന്റെ വിശദീകരണം.

യുദ്ധഭൂമി വാഴുന്ന ടാങ്ക് പോലുള്ള കവചിത വാഹനങ്ങളിൽ നിന്നു പ്രചോദിതമാണു ‘ടി യു വി 300’ എന്നാണു മഹീന്ദ്രയുടെ അവകാശവാദം. ഉയർന്ന തോളുകളും ഉയരമേറിയ ഫ്രണ്ട് നോസും പരന്ന മേൽക്കൂരയും കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും നേർരേഖയിലുള്ള ബോണറ്റുമൊക്കെയാണു പുതിയ വാഹനത്തിന് എസ് യു വിയുടെ കാഴ്ചപ്പകിട്ടേകുന്നത്. ആധുനിക എം ഹോക്ക് എൻജിനാണു സെപ്റ്റംബറിൽ വിൽപ്പയ്ക്കെത്തുമെന്നു കരുതുന്ന വാഹനത്തിനു കരുത്തേകുക. പുത്തൻ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് മഹീന്ദ്ര ‘ടി യു വി 300’ സാക്ഷാത്കരിച്ചത്; തികച്ചും ആഭ്യന്തരമായി, ചെന്നൈയിലെ മഹീന്ദ്ര റിസർച് വാലിയിൽ നിന്നുള്ള കമ്പനിയുടെ സ്വന്തം സംഘത്തിനായിരുന്നു പുതിയ എസ് യു വിയുടെ രൂപകൽപ്പന ചുമതല.