മഹീന്ദ്രയുടെ പുതിയ എസ്‌യുവി എയ്റോ

Aero

ഡൽഹിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു മഹീന്ദ്രയുടെ എയ്റോ കൺസെപ്റ്റ്. കമ്പനിയുടെ ജനപ്രിയ എക്‌സ് യു വി 500 നെ അടിസ്ഥാനമാക്കി വികസിപ്പിച്ച കൂപെ എസ് യു വി - ക്രോസ് ഓവര്‍ കൺസെപ്റ്റ് ഏവരെയും ഒരുപോലെ ആകർഷിച്ചു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ സ്ഥാപനമായ പിനിന്‍ഫാരിനയുടെ സഹകരണത്തോടെ രൂപകൽപന ചെയ്ത എയ്റോ മഹീന്ദ്രയുടെ ആദ്യ ആഡംബര വാഹനമായിരിക്കും എന്നാണു കമ്പനി പറഞ്ഞിരുന്നത്.

Aero

എയ്റോ കൺസെപ്റ്റിന്റെ പ്രൊ‍ഡക്‌ഷൻ മോഡലുമായി മഹീന്ദ്ര എത്തുന്നു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ എയ്റോയുടെ പ്രൊ‍ഡക്‌ഷൻ മോഡൽ പുറത്തിറക്കുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ. കൺസെപ്റ്റ് മോ‍ഡലിൽ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത ഡിസൈനിന്റെ പണിപ്പുരയിലാണു മഹീന്ദ്ര.

Aero

മഹീന്ദ്രയുടെ പുതിയ എം ഹോക്ക് എൻജിനാണു വാഹനത്തിനു കരുത്തേകുന്നത്. 210 ബി.എച്ച്.പി കരുത്തുള്ള എന്‍ജിൻ ആറ് സെക്കന്‍ഡുകള്‍കൊണ്ട് 60 കിലോമീറ്റർ വേഗമാര്‍ജിക്കും. അത്യാഡംബരം നിരഞ്ഞ ഇന്റീരിയറും എയ്റോയുടെ പ്രത്യേകതയാണ്. മൂന്നു ഡോറുകളുള്ള കൺസെപ്റ്റാണ് എയ്റോ. വിവിധ ഡ്രൈവിങ് മോഡുകളും സസ്‌പെന്‍ഷന്‍ മോഡുകളും വാഹനത്തിനുണ്ട്. റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിവയാണു ഡ്രൈവിങ് മോഡുകള്‍.

മഹീന്ദ്രയുടെ നിരയിലെ ഏറ്റവും വിലകൂടിയതും ആഡംബരം നിരഞ്ഞതുമായ വാഹനമായ എയ്റോ, മെഴ്‌സിഡീസ് ബെൻസ് ജി.എല്‍.ഇ കൂപെ, ബി.എം.ഡബ്ല്യൂ എക്‌സ് 6 എന്നിവയുമായിട്ടായിരിക്കും പ്രധാനമായും മത്‌സരിക്കുക. ഈ വാഹനത്തിലൂടെ ആ‍ഡംബരകാർ വിഭാഗത്തില്‍ സാന്നിധ്യം ഉറപ്പാക്കാനാണു മഹീന്ദ്രയുടെ ശ്രമം.