മഹീന്ദ്രയുടെ പ്രീമിയം പിക്കപ്പ് ഇംപീരിയോ ഉടൻ

ചെറുവാണിജ്യ വാഹന വിപണിക്ക് പുതിയ മുഖം നൽകാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര. പ്രീമിയം ലുക്കുള്ള ചെറു പിക്കപ്പായ ഇംപീരിയോ പുറത്തിറക്കിയാണ് മഹീന്ദ്ര എസ് സി വി സെഗ്‌മെന്റിൽ‌ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത്. മികച്ച സ്റ്റൈലിൽ എത്തുന്ന ഇംപീരിയോ ഉടൻ വിപണിയിലെത്തും. ചെറുകിട വാണിജ്യവാഹനമേഖലയിൽ ആധിപത്യമുറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

എൽസിവി (3.5 ടൺ ലോഡിന് താഴെ) മേഖലയിൽ 2015 നവംബർ വരെയുള്ള കണക്കനുസരിച്ച് 53% മാർക്കറ്റ് ഷെയറാണ് മഹീന്ദ്രയ്ക്കുള്ളത്. ചെന്നൈയിലെ മഹീന്ദ്ര റിസേർച്ച് വാലിയിലെ എൻജിനീയർമാർ രൂപപ്പെടുത്തിയ ഇംപീരിയോ പൂണെയിലെ ചക്കാൻ പ്ലാന്റിലായിരിക്കും നിർമ്മിക്കകയെന്ന് മഹീന്ദ്ര പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ (ഓട്ടോമോട്ടീവ്) പ്രവീൺ ഷാ പറഞ്ഞു. മഹീന്ദ്രയുടെ തന്നെ മറ്റൊരു പിക്കപ്പ് ആയ ജീനിയോയിൽ ഉപയോഗിക്കുന്ന 2.5 ലിറ്റർ സിആർഡിഇ ഡീസൽ എൻജിനാണ് ഇംപീരിയോയിൽ. ഇസൂസു ഡി-മാക്സ് പിക്കപ്പിനോടായിരിക്കും ഇംപീരിയോ മത്സരിക്കുക.