സമരം: ടാറ്റ മാർകൊപോളോ ധർവാഡ് ശാലയിൽ ലോക്കൗട്ട്

ശമ്പള പരിഷ്കരണത്തിന്റെ പേരിൽ തൊഴിലാളികൾ നടത്തുന്ന നിയമവിരുദ്ധ സമയം മൂലം ടാറ്റ മാർകൊപോളോ മോട്ടോഴ്സിന്റെ നിർമാണ ശാലയിൽ ലോക്കൗട്ട് പ്രഖ്യാപിച്ചതായി ടാറ്റ മോട്ടോഴ്സ്. കമ്പനിയുടെ ഉപസ്ഥാപനമായ ടാറ്റ മാർകൊപോളോ മോട്ടോഴ്സിന്റെ ശാല കർണാടകത്തിലെധർവാഡിലാണു പ്രവർത്തിക്കുന്നത്.

ജനുവരി 31 മുതൽ തൊഴിലാളികൾ അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിന്നതിനാലാണു പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തുന്നതെന്നു ടാറ്റ മോട്ടോഴ്സ് വിശദീകരിച്ചു. തൊഴിലാളി സമരത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി ഒന്നു മുതൽ സുരക്ഷാ കാരണങ്ങളാലാണു ശാല താൽക്കാലികമായി അടച്ചിടുന്നതെന്നും കമ്പനി വ്യക്തമാക്കി.

സ്ഥിതിഗതികൾ തുടർച്ചയായി വഷളാവുകയും പ്ലാന്റ് പ്രവർത്തിക്കാവുന്ന സാഹചര്യം ഇല്ലാതാവുകയും ചെയ്തതോടെ യന്ത്രങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം പരിഗണിച്ച് ഫെബ്രുവരി ആറു മുതൽ ലോക്കൗട്ട് പ്രഖ്യാപിക്കുകയായിരുന്നെന്നു ടാറ്റ മോട്ടോഴ്സ് വക്താവ് വിശദീകരിച്ചു.

വിപണി സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും വർഷം തോറും വേതനവർധന നടപ്പാക്കാമെന്ന കമ്പനി അംഗീകരിച്ചിരുന്നു. ഈ ഉറപ്പ് അവഗണിച്ചും ധർവാഡിലെ പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തകയും ഉൽപ്പാദനം മുടക്കുകയും ചെയ്തതിനു കമ്പനി തൊഴിലാളി സംഘടനകളെ വിമർശിച്ചു.

ജീവനക്കാരുമായി ശക്തവും സൗഹാർദപൂർണവുമായി ബന്ധം നിലനിർത്താൻ കമ്പനി പതിബദ്ധമാണെന്നു ടാറ്റ മാർകൊപോളോ വ്യക്തമാക്കി. എന്നാൽ തൊഴിലാളികളുടെ അച്ചടക്കരാഹിത്യത്തെയോ നീതികരിക്കാനാവാത്ത ആവശ്യങ്ങൾ അംഗീകരിപ്പിക്കാനുള്ള സമ്മർദതന്ത്രങ്ങളെയോ പിന്തുണയ്ക്കാൻ കമ്പനിക്കു കഴിയില്ലെന്നും കമ്പനി ആവർത്തിച്ചു. മറ്റു പോംവഴികളോ പരിഹാര മാർഗങ്ങളോ ഇല്ലാത്തതിനാലാണു സ്വത്തിന്റെയും ജീവന്റെയും സുരക്ഷിതത്വം പരിഗണിച്ചു ശാല അടച്ചിടുന്നതെന്നും കമ്പനി വിശദീകരിച്ചു.

രണ്ടായിരത്തി അഞ്ഞൂറിലേറെ ജീവനക്കാരാണു ടാറ്റ മാർകൊപോളോയുടെ ധാർവാഡ് ശാലയിലുള്ളത്. പ്രതിവർഷം 15,000 ബസ്സുകളാണു കമ്പനി ഈ ശാലയിൽ നിർമിക്കുന്നത്. നഗരാന്തര, അന്തർ നഗര യാത്രകൾക്കുള്ളതും 16 മുതൽ 54 വരെ യാത്രക്കാർക്കു കയറാവുന്നതുമായ സ്റ്റാൻഡേഡ് ബസ്സുകളും 18 മുതൽ 45 വരെ സീറ്റുള്ള ആഡംബര, ലോ ഫ്ളോർ സിറ്റി ബസ്സുകളുമാണു കമ്പനി ഈ ശാലയിൽ ഉൽപ്പാദിപ്പിക്കുന്നത്.