വിന്റർകോൺ ഔഡി ചെയർമാൻ സ്ഥാനവും വിട്ടു

യു എസിലെ ‘പുകമറ’ വിവാദത്തിൽ കുടുങ്ങി, യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനം നഷ്ടമായ മാർട്ടിൻ വിന്റർകോൺ ഔഡിയിൽ നിന്നും പടിയിറങ്ങുന്നു. ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ചെയർമാൻ സ്ഥാനത്തോടാണു വിന്റർകോൺ(68) വിട പറഞ്ഞത്.

ബുധനാഴ്ചയാണു വിന്റർകോൺ ഔഡി ചെയർമാൻ സ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ഫോക്സ‌്‌വ‌ാഗനിലെ ഭൂരിപക്ഷ ഓഹരി ഉടമകളായ പോർഷെ എസ് ഇയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. യു എസിലെ കർശന മലിനീകരണ നിലവാര പരിശോധനകളെ മറികടക്കാൻ ഡീസൽ എൻജിനുകളിൽ പ്രത്യേക സോഫ്റ്റ്വെയർ ഏർപ്പെടുത്തിയെന്ന കണ്ടെത്തലാണു വിന്റർകോണിന്റെ പതനം അനിവാര്യമാക്കിയത്. ‘ഇ എ 183’ ശ്രേണിയിലെ എൻജിനുകളിലാണു വിവാദമായ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. പരിശോധന നടക്കുന്നതു തിരിച്ചറിയുന്ന സോഫ്റ്റ്വെയർ യഥാർഥ മലിനീകരണ നിലവാരം മറച്ചുവയ്ക്കാൻ സഹായിക്കുന്നെന്നാണ് യു എസിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യുടെ ആരോപണം. ആഡംബര ബ്രാൻഡായ ഔഡിയുടേതടക്കം ലോകവ്യാപകമായി 1.1 കോടിയോളം വാഹനങ്ങളുടെ മലിനീകരണ നിലവാര പരിശോധനയിൽ ഫോക്സ‌്‌വാഗൻ കൃത്രിമം കാട്ടിയെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്.‌

വിവാദത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയിൽ സ്വാധീനമുള്ള തൊഴിലാളി യൂണിയൻ നേതാക്കളും ഫോക്സ്‌വാഗൻ ഓഹരി ഉടമകളിൽ രണ്ടാം സ്ഥാനത്തുള്ള ലോവർ സാക്സണിയും ചേർന്നു സെപ്റ്റംബർ 23നാണു വിന്റർകോണിനെ പടിയിറക്കിയത്. ‘പുകമറ’ വിവാദം പുറംലോകമറിഞ്ഞ് വെറും അഞ്ചു ദിവസങ്ങൾക്കുള്ളിലായിരുന്നു വിന്റർകോണിന്റെ രാജി. എട്ടു ലക്ഷത്തോളം കാറുകളിലെ കാർബൺ ഡയോക്സൈഡ് നിലവാര പരിശോധനയിൽ കൂടി കൃത്രിമം നടന്നിട്ടുണ്ടെന്ന് വുൾഫ്സ്ബർഗ് ആസ്ഥാനമായ ഫോക്സ്‌വാഗൻ കഴിഞ്ഞ ആഴ്ച സമ്മതിച്ചിരുന്നു. ഈ പുതിയ പ്രതിസന്ധിയിൽ നിന്നു കരകയറാൻ മുമ്പ് നീക്കിവച്ച 670 കോടി ഡോളറി( 44,340.57 കോടിയോളം രൂപ)നു പുറമെ 215 കോടി ഡോളർ(ഏകദേശം 14,228.69 കോടി രൂപ) കൂടി വേണ്ടിവരുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു.കമ്പനിയുടെ ചെയർമാൻ സ്ഥാനം വിട്ട വിന്റർകോണിന്റെ പകരക്കാരനെ ഔഡി പ്രഖ്യാപിച്ചിട്ടില്ല.