വാർഷിക അറ്റകുറ്റപ്പണി: മാരുതി ശാലകൾ 6ന് അടയ്ക്കും

വേനൽക്കാലത്തു നടത്തേണ്ട പതിവ് അറ്റകുറ്റപ്പണിക്കായി നിർമാണശാലകൾ ഈ ആറു മുതൽ ആറു ദിവസം അടച്ചിടാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തീരുമാനിച്ചു. നേരത്തെ ജൂൺ 27 മുതൽ ജൂലൈ രണ്ടു വരെ പ്ലാന്റ് അടച്ച് നടത്താൻ നിശ്ചയിച്ച വാർഷിക അറ്റകുറ്റപ്പണി കമ്പനി നേരത്തെയാക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ ആറിന് ആരംഭിച്ച് 11നകം പൂർത്തിയാക്കാനാണു മാരുതി സുസുക്കിയുടെ പുതുക്കിയ പദ്ധതി. പ്രധാന യന്ത്രഘടക ദാതാക്കളായ സുബ്രോസ് ലിമിറ്റഡിന്റെ ശാലയിലെ അഗ്നിബാധയും തുടർന്നുള്ള ഉൽപ്പാദനനഷ്ടവും മുൻനിർത്തിയാണു മാരുതി സുസുക്കി അറ്റകുറ്റപ്പണി പുനഃക്രമീകരിച്ചത്. അറ്റകുറ്റപ്പണിക്കായി ശാല അടയ്ക്കുന്ന ഇടവേള പ്രയോജനപ്പെടുത്തി സുബ്രോസിനു പുറമെ മറ്റു സ്രോതസുകളിൽ നിന്ന് കൂടി ആവശ്യമായ യന്ത്രഘടകങ്ങൾ സമാഹരിക്കാനാണു കമ്പനിയുടെ പദ്ധതി. ഇതുവഴി ശാല പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ അധിക ഉൽപ്പാദനം സാധ്യമാവുമെന്നും മാരുതി സുസുക്കി കരുതുന്നു.

പ്രധാന സപ്ലയർമാരായ സുബ്രോസ് ലിമിറ്റഡിലെ അഗ്നിബാധയുടെ ഫലമായി ഹരിയാനയിലെ മനേസാറിലുള്ള രണ്ടു ശാലകളിലായി നാലു ഷിഫ്റ്റിലെ ഉൽപ്പാദനമാണു മാരുതി സുസുക്കിക്കു നഷ്ടമായത്. ഓരോ ഷിഫ്റ്റിലും 2,500 കാറുകളാണു മാരുതി ഉൽപ്പാദിപ്പിക്കുന്നത്; ഇതോടെ സുബ്രോസ് അഗ്നിബാധയുടെ ഫലമായി കമ്പനിക്കുള്ള മൊത്തം ഉൽപ്പാദനനഷ്ടം 10,000 യൂണിറ്റോളമാണ്. സുബ്രോസ് ലിമിറ്റഡിൽ തലേന്നുണ്ടായ കനത്ത അഗ്നിബാധയുടെ ഫലമായി മേയ് 30ലെ രണ്ടാം ഷിഫ്റ്റ് മുതലാണ് മാരുതി സുസുക്കി കാർ ഉൽപ്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരായത്.