മാരുതിക്കായി ഫറൂഖ്നഗറിൽ കാർ ലോഡിങ് സംവിധാനം വരുന്നു

ട്രെയിൻ മാർഗമുള്ള കാർ കടത്ത് വർധിപ്പിച്ച് കൂടുതൽ വരുമാനം നേടാൻ ലക്ഷ്യമിട്ടു റെയിൽവേ ഫറൂഖ്നഗറിൽ പുതിയ ഓട്ടോ കാർ ലോഡിങ് സംവിധാനം സ്ഥാപിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി (എം എസ് ഐ എൽ)ന്റെ മനേസാർ നിർമാണശാലയ്ക്കു സമീപമുള്ള റയിൽവേ സ്റ്റേഷനാണു ഫറൂഖ്നഗർ. പുതിയ കാർ ലോഡിങ് സംവിധാനത്തിന്റെ ശിലാസ്ഥാപനം കേന്ദ്ര റയിൽവേ മന്ത്രി സുരേഷ് പ്രഭുവാണു നിർവഹിച്ചത്.

നിലവിൽ മാരുതിക്ക് ഹരിയാനയിൽ രണ്ടു കാർ നിർമാണശാലകളാണുള്ളത്: ഗുഡ്ഗാവിലും മനേസാറിന് 25 കിലോമീറ്ററോളം അകലെ ഫറൂഖ്നഗറിലും. ഇരുശാലകളിലുമുള്ള കാറുകൾ റെയിൽമാർഗം കൊണ്ടുപോകാനായി നിലവിൽ ഗുഡ്ഗാവിലെ ഓട്ടോ കാർ ലോഡിങ് യൂണിറ്റ് മാത്രമാണ് ആശ്രയം.

മാരുതി സുസുക്കി നിർമിക്കുന്ന കുറച്ചു കാറുകൾ മാത്രമാണു റ‌െയിൽ മാർഗം കൊണ്ടുപോകുന്നതെന്നു സുരേഷ് പ്രഭു വെളിപ്പെടുത്തി. പ്രതിവർഷം കമ്പനി നിർമിക്കുന്ന 15 ലക്ഷത്തോളം കാറുകളിൽ 40,000 എണ്ണം മാത്രമാണു ട്രെയിൻ മാർഗം കൊണ്ടുപോകുന്നത്. രണ്ടു വർഷത്തിനകം മാരുതി സുസുക്കിയുടെ ഉൽപ്പാദനത്തിന്റെ 25 ശതമാനവും റ‌‌െയിൽമാർഗം കൊണ്ടുപോകുകയാണു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കാർ കടത്ത് ട്രെയിൻ മാർഗമാക്കുന്നതോടെ വരുമാനത്തിൽ ഗണ്യമായ വർധനയാണു റയിൽവേ പ്രതീക്ഷിക്കുന്നത്. അതേസമയം കാർ കടത്ത് കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാകുമെന്നതാണു മാരുതി സുസുക്കിക്കുള്ള നേട്ടം. ഈ സാഹചര്യത്തിൽ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള സി എസ് ആർ ഫണ്ടുകൾ വിനിയോഗിച്ച് ഓട്ടോ കാർ ലോഡിങ് യൂണിറ്റ് വികസിപ്പിക്കാൻ മാരുതി സുസുക്കി സഹകരിക്കണമെന്നും പ്രഭു അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം ഗുഡ്ഗാവ് റെയിൽവേ സ്റ്റേഷനിലെ നവീകരിച്ച സൗകര്യങ്ങളും അദ്ദേഹം വിഡിയോ കോൺഫറൻസിങ് മുഖേന ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾക്കായി റെയിൽവേ 3.30 കോടി രൂപ ചെലവഴിച്ചപ്പോൾ കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദർജിത് സിങ്ങിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ റെയിൽവേയുടെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡും 53 ലക്ഷം രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു. ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാം എന്നു മാറ്റിയ സാഹചര്യത്തിൽ സ്റ്റേഷനും ഇനി ഗുരുഗ്രാം എന്ന് അറിയപ്പെടുമെന്നും പ്രഭു പ്രഖ്യാപിച്ചു.