15 ലക്ഷം പിന്നിട്ട് മാരുതിയുടെ കാർ കയറ്റുമതി

രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)ൽ നിന്ന് ഇതുവരെയുള്ള മൊത്തം കാർ കയറ്റുമതി 15 ലക്ഷം യൂണിറ്റ് പിന്നിട്ടു. യൂറോപ്പും ലാറ്റിൻ അമേരിക്കയും ആഫ്രിക്കയുമടക്കം നൂറോളം രാജ്യങ്ങളിലേക്കു മാരുതി സുസുക്കി ഇന്ത്യയിൽ നിർമിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. അടുത്തയിടെ നിരത്തിലെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ മാരുതി സുസുക്കി ജപ്പാനിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്; ഇതോടെ ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ മോഡലായി ‘ബലേനൊ’.

യൂറോപ്യൻ രാജ്യങ്ങളിലേക്കാണു മാരുതി സുസുക്കി കാർ കയറ്റുമതി ആരംഭിച്ചത്; 1987 — 88ലായിരുന്നു തുടക്കം. ‘സെൻ’, ‘മാരുതി 800’, ‘എ സ്റ്റാർ’, ‘ഓൾട്ടോ’ എന്നിവയൊക്കെ വിദേശ രാജ്യങ്ങളിൽ മികച്ച സ്വീകാര്യത കൈവരിച്ചിരുന്നു.

മൊത്തം കയറ്റുമതി 15 ലക്ഷത്തിലെത്തിയതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയുടെ പ്രതികരണം. പുത്തൻ മോഡലുകൾ അവതരിപ്പിച്ചും പുതിയ വിപണികൾ കണ്ടെത്തിയും രാജ്യാന്തരതലത്തിൽ മാരുതി സുസുക്കി നിരന്തര സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ദൗത്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണു പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ കൈവരിച്ച മികവ്. ജപ്പാനിൽ പോലും വിൽപ്പനയ്ക്കെത്തുക വഴി ‘ബലേനൊ’ ഇന്ത്യൻ കാർ കയറ്റുമതിയെ പുതിയ ഉയരങ്ങളിലെത്തിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു.

‘ഓൾട്ടോ’, ‘സ്വിഫ്റ്റ്’, ‘സെലേറിയൊ’, ‘ബലേനൊ’, ‘സിയാസ്’ എന്നിവയാണു 2015 — 16ൽ മാരുതി സുസുക്കിയിൽ നിന്നുള്ള കയറ്റുമതിയിൽ ആദ്യ സ്ഥാനങ്ങളിലെത്തിയത്. ശ്രീലങ്ക, ചിലി, ഫിലിപ്പൈൻസ്, പെറു, ബൊളിവിയ എന്നിവയാണു മാരുതി സുസുക്കിയുടെ കയറ്റുമതി വിപണികളിൽ പ്രധാനം. 

കാറുകൾക്കു പുറമെ അടുത്തയിടെ വിപണിയിലെത്തിയ ലഘുവാണിജ്യ വാഹന(എൽ സി വി)മായ ‘സൂപ്പർ കാരി’യും മാരുതി സുസുക്കി കയറ്റുമതി ചെയ്യുന്നുണ്ട്. നിലവിൽ ദക്ഷിണ ആഫ്രിക്കിയിലേക്കും താൻസാനിയയിലേക്കും കയറ്റുമതി ചെയ്യുന്ന ‘സൂപ്പർ കാരി’ വൈകാതെ സാർക് രാജ്യങ്ങളിലും വിൽപ്പനയ്ക്കെത്തും.