ഒരു ലക്ഷം പിന്നിട്ട് മാരുതി സിയാസ്

ഇടത്തരം സെഡാനായ ‘സിയാസി’ന്റെ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. സ്മാർട്പ്ലേ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റുള്ള ആദ്യ കാറെന്ന പെരുമയോടെ 2014 ഒക്ടോബറിൽ നിരത്തിലെത്തിയ പ്രീമിയം സെഡാനായ ‘സിയാസ്’ കഴിഞ്ഞ മാസത്തോടെയാണ് വിൽപ്പനക്കണക്കെടുപ്പിലെ ഈ നേട്ടം സ്വന്തമാക്കിയത്. ‘സിയാസി’ന്റെ അടിസ്ഥാന വകഭേദം മുതൽ മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗും ആന്റി ലോക് ബ്രേക്കിങ് സംവിധാനവും ഓപ്ഷൻ വ്യവസ്ഥയിൽ ലഭ്യമാണ്.

അനാവശ്യ സങ്കീർണതളില്ലാത്തതും വൃത്തിയുള്ളതുമായ യൂറോപ്യൻ ശൈലിയുടെ മികവുകൾ കടമെടുത്ത് ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തതാണു ‘സിയാസി’ന്റെ നേട്ടമെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി വിലയിരുത്തുന്നു. സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി(എസ് എച്ച് വി എസ്) പോലുള്ള സാങ്കേതിക മികവുകളും ‘സിയാസി’നെ കൂടുതൽ ആകർഷകമാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എ ത്രി പ്ലസ്’ വിഭാഗത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സെഡനാണു ‘സിയാസ്’; ഇതുവഴി പ്രീമിയം സെഡാൻ വിപണിയിൽ 40% വിഹിതം നേടാൻ മാരുതി സുസുക്കിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കൊല്ലത്തിന്റെ ആദ്യ അഞ്ചു മാസങ്ങൾക്കിടയിൽ 5,000 യൂണിറ്റിന്റെ ശരാശരി വിൽപ്പനയാണു ‘സിയാസ്’ നേടിയത്. ആഭ്യന്തര വിപണിക്കു പുറമെ ആഫ്രിക്ക, ദക്ഷിണ — മധ്യ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആസിയാൻ, സാർക് മേഖലയിലെ രാജ്യങ്ങളിലേക്ക് ‘സിയാസ്’ കയറ്റുമതി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ മാസം വരെ ‘സിയാസി’ന്റെ 18,000 യൂണിറ്റാണു മാരുതി സുസുക്കി വിദേശ വിപണികളിൽ വിറ്റത്.