പത്തിൽ ആറും മാരുതി

സെപ്റ്റംബർ മാസത്തിലെ യാത്രാവാഹന വിൽപ്പന കണക്കെടുപ്പിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എം എസ് ഐ എൽ) ആധിപത്യം തുടരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന വിൽപ്പനയിലെ മികച്ച പ്രകടനം മാരുതി ആവർത്തിക്കുകയാണ്. മികച്ച വിൽപ്പന നേടി ആദ്യ 10 സ്ഥാനങ്ങളിലെത്തിയവയിൽ ആറെണ്ണവും മാരുതി സുസുക്കിയുടെ മോഡലുകളാണ്. ഓഗസ്റ്റിൽ അത് ഏഴു മോഡലുകളായിരുന്നെങ്കിൽ ആദ്യ പത്തിൽ നിന്ന് സിയാസ് പുറത്തായി എന്നതു മാത്രമാണ് മാരുതിക്ക് നഷ്ടമായി പറയാവുന്നത്.

മാരുതി ഓൾട്ടോ തന്നെയാണ് സെപ്റ്റംബറിലെ വിൽപ്പന കണക്കെടുപ്പിലും ഒന്നാം സ്ഥാനത്ത്. 27,750 ‘ഓൾട്ടോ’യാണു കഴിഞ്ഞ മാസം വിറ്റത്. തൊട്ടടുത്ത മാസത്തേക്കാൾ 34.3 ശതമാനം വളർച്ചയാണിത്. മാരുതിയുടെ കോംപാക്ട് സെഡാനായ ‘സ്വിഫ്റ്റ് ഡിയസർ’ ആണു വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ മാസം 18,961 ഡിസയറുകളാണ് ഇന്ത്യൻ നിരത്തിലെത്തിയത്. മുൻ മാസത്തെ അപേക്ഷിച്ച് 3.7 ശതമാനം വിൽപ്പന കുറവാണ് അത്. കഴിഞ്ഞ മാസം നാലാം സ്ഥാനത്തായിരുന്ന പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ് 16746 യൂണിറ്റ് വിൽപ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. 16,645 യൂണിറ്റ് വിൽപ്പനയോടെ കോംപാക്ട് കാറായ ‘വാഗൻ ആർ’ ആണു നാലാം സ്ഥാനത്ത്. കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ 10’ ആണ് വിൽപ്പനയിൽ അഞ്ചാം സ്ഥാനത്ത്. 12212 യൂണിറ്റാണ് ഗ്രാൻഡ് ഐ 10ന്റെ സെപ്റ്റംബർ മാസത്തെ വിൽപ്പന.

മാരുതി നെക്സ ഡീലർഷിപ്പ് വഴി വിൽക്കുന്ന പ്രീമിയം ഹാച്ച്ബാക്കായ ബലേനൊ 10623 യൂണിറ്റ് വിൽപ്പനയുമായി ആറാം സ്ഥാനത്തെത്തി. നിരത്തിലെത്തിയതു മുതൽ ശക്തമായ പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന എൻട്രി ലവൽ ഹാച്ച്ബാക്കായ റെനോ ‘ക്വിഡി’നാണ് ഏഴാം സ്ഥാനം. ‘ഓൾട്ടോ’, ‘ഇയോൺ’ തുടങ്ങിയവയോടു മത്സരിക്കുന്ന ‘ക്വിഡി’ന്റെ പ്രതിമാസ വിൽപ്പന തുടർച്ചായായി രണ്ടാം മാസവും 10,000 യൂണിറ്റ് പിന്നിട്ടെന്ന സവിശേഷതയുമുണ്ട്; 10,558 ‘ക്വിഡ്’ ആണു കഴിഞ്ഞ മാസം നിരത്തിലെത്തിയത്. ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ഏഴാം സ്ഥാനത്തായിരുന്ന ‘എലീറ്റ് ഐ 20’ കഴിഞ്ഞ മാസത്തെ കണക്കെടുപ്പിൽ 10254 യൂണിറ്റുമായി എട്ടാം സ്ഥാനത്താണ്. 9375 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ് യു വിയായ വിറ്റാര ബ്രെസ ഒമ്പതാം സ്ഥാനം നേടി. 8835 യൂണിറ്റിന്റെ വിൽപ്പനയുമായി ഹ്യുണ്ടേയ്‌യുടെ കോംപാക്റ്റ് എസ് യു വി ക്രേറ്റയാണ് പത്താം സ്ഥാനത്ത്.