മുംബൈ പൊലീസിനു കൂട്ടായി മാരുതി ‘എർട്ടിഗ’

രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ ക്രമസമാധാനപാലന ദൗത്യത്തിൽ മുംബൈ പൊലീസിനു കൂട്ടാവാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുമെത്തുന്നു. ആകെ 94 ‘എർട്ടിഗ’യാണു മുംബൈ പൊലീസ് സ്വന്തമാക്കിയത്. നേരത്തെ മാരുതി സുസുക്കിയുടെ തന്നെ ‘ജിപ്സി’ മുംബൈ പൊലീസിൽ സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘അർമദ’, ‘ബോളേറൊ’, ടൊയോട്ടയുടെ ‘ക്വാളിസ്’ തുടങ്ങിവയൊക്കെ മുംബൈ പൊലീസിന്റെ വാഹനശേഖരത്തിലുണ്ടായിരുന്നു.

നഗരത്തെ വിവിധ മേഖലകളാക്കി തിരിച്ചാവും മുംബൈ പൊലീസ് പുതിയ ‘എർട്ടിഗ’യെ വിന്യസിക്കുക; അതതു മേഖലയിലെ ക്രമസമാധാനപാലന ദൗത്യങ്ങളിൽ സേനയ്ക്കു കൂട്ടായി ‘പൊലീസ് നീല’ നിറമടിച്ച ഇനി ഈ പുതുപുത്തൻ എം പി വികളും ഒപ്പമുണ്ടാവും. പ്രധാനമായും വനിതാ സുരക്ഷ ഉറപ്പാക്കാനാവും പുതിയ ‘എർട്ടിഗ’ ഉപയോഗിക്കുകയെന്നും മുംബൈ പൊലീസ് വ്യക്തമാക്കുന്നു; വനിതാസൗഹൃദമെന്നു സൂചിപ്പിക്കാനായി പുത്തൻ വാഹനങ്ങളിൽ പിങ്ക് സ്ട്രൈപ്പുകൾ പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഏതു മേഖല കേന്ദ്രീകരിച്ചാണു വാഹനത്തിന്റെ പ്രവർത്തനമെന്നത് ‘എർട്ടിഗ’യുടെ പിൻ ബംപറിൽ രേഖപ്പെടുത്തും. ‘എർട്ടിഗ’യുടെ അടിസ്ഥാന വകഭേദമായ ‘എൽ എക്സ് ഐ’ ആണു മുംബൈ പൊലീസ് വാങ്ങിയിരിക്കുന്നത്. കാറിലെ 1.4 ലീറ്റർ, കെ സീരീസ് പെട്രോൾ എൻജിനു പരമാവധി 80 ബി എച്ച് പി കരുത്തും 130 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

രണ്ടാം നിര സീറ്റുകൾക്കുള്ള എയർ കണ്ടീഷനർ വെന്റ് പോലുള്ള സൗകര്യങ്ങൾ ലഭ്യമല്ലെങ്കിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് പോലുള്ള സംവിധാനങ്ങൾ ‘എർട്ടിഗ എൽ എക്സ് ഐ’യിലുണ്ട്. കഴിഞ്ഞ ഉത്സവകാലത്തിനു മുന്നോടിയായി അവതരിപ്പിച്ച നവീകരിച്ച ‘എർട്ടിഗ’യാണു മാരുതി സുസുക്കി മുംബൈ പൊലീസിനും നൽകിയിരിക്കുന്നത്.