മാരുതി, ഹ്യുണ്ടേയ് കാറുകളുടെ വില വർധിക്കുന്നു

പുതു വർഷത്തിൽ മാരുതി, ഹ്യുണ്ടേയ് കാറുകളുടെ വില ഉയരും. ഇരു കമ്പനികളും തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജനുവരി ഒന്നു മുതൽ വിവിധ മോഡലുകൾക്കു പരമാവധി 20,000 രൂപ വരെയാണു വില കൂടുകയെന്നും മാരുതി സുസുക്കി അറിയിച്ചു. ഉൽപ്പാദന ചെലവിലെയും ഭരണ ചെലവിലെയും വർധനയും ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെ കാരണമാണു വാഹനവില വർധിപ്പിക്കുന്നതെന്നാണു കമ്പനിയുടെ വിശദീകരണം.എൻട്രി ലവൽ കാറായ ‘ഓൾട്ടോ 800’ മുതൽ കോംപാക്ട് ക്രോസോവറായ ‘എസ് ക്രോസ്’ വരെ നീളുന്നതാണു മാരുതി സുസുക്കിയുടെ മോഡൽ ശ്രേണി; ഡൽഹി ഷോറൂമിൽ 2.53 ലക്ഷം രൂപ മുതൽ 13.74 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകൾക്കു വില.

വിപണി സാഹചര്യങ്ങൾ പ്രതികൂലമെങ്കിലും ഉൽപ്പാദന ചെലവിലെ വർധനയും വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമൊക്കെയാണ് അപ്രിയ തീരുമാനം സ്വീകരിക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയതെന്നു ഹ്യുണ്ടേയ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വിശദീകരിക്കുന്നത്. ചെറുകാറായ ‘ഇയോൺ’ മുതൽ സെഡാനുകളായ ‘വെർണ’യും ‘സൊനാറ്റ’യും പിന്നിട്ടു പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെ നീളുന്നതാണു ഹ്യുണ്ടേയിയുടെ മോഡൽ ശ്രേണി. അടുത്തയിടെ വിപണിയിലെത്തിയ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യടക്കം ഹ്യുണ്ടേയ് ശ്രേണിയിലെ എല്ലാ വാഹനങ്ങളുടെയും വില ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവാണ് ആദ്യം പ്രഖ്യാപിച്ചത്. ‘മിനി’ ഉൾപ്പടെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കുമെന്നായിരുന്നു ബി എം ഡബ്ല്യു അറിയിച്ചത്. എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വില വർധനയാണു ജനുവരി ഒന്നിനു പ്രാബല്യത്തിലെത്തുകയെന്നും ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ അറിയിച്ചു.പിന്നാലെ ഇന്ത്യൻ മോഡൽ ശ്രേണിയുടെ വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കുമെന്ന് എതിരാളികളായ മെഴ്സീഡിസ് ബെൻസും പ്രഖ്യാപിച്ചു. മൊത്തം 24 മോഡലുകളാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയിൽ വിൽക്കുന്നത്; ഡൽഹി ഷോറൂമിൽ 27.50 ലക്ഷം രൂപ വിലയുള്ള ‘എ ക്ലാസ്’ മുതൽ 2.70 കോടി രൂപ വിലയുള്ള ‘എസ് 63 എ എം ജി’ കൂപ്പെ വരെ നീളുന്നതാണു കമ്പനിയുടെ മോഡൽ ശ്രേണി.

തുടർന്ന് പുതുവർഷത്തിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്നു ജപ്പാനിൽ നിന്നുള്ള ടൊയോട്ടയും അറിയിച്ചു. ഉൽപ്പാദന ചെലവിലെ വർധനയും വിദേശനാണയ വിനിമയ നിരക്കിലെ ചാഞ്ചാട്ടവും പരിഗണിച്ച് ജനുവരി മുതൽ വാഹന വില മൂന്നു ശതമാനം വരെയാണു കൂട്ടുന്നതെന്നും ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) അറിയിച്ചു. എന്നാൽ ഓരോ മോഡലിന്റെയും കൃത്യമായ വില വർധന സംബന്ധിച്ചു കമ്പനി ഇനിയും തീരുമാനമെടുത്തിട്ടില്ല.