മാരുതി വാഹനങ്ങളുടെ വില വർധിപ്പിച്ചു

Alto K10

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും വാഹന വില വർധന നടപ്പാക്കി. കമ്പനിയുടെ വിവിധ മോഡലുകൾക്ക് പരമാവധി 12,000 രൂപയുടെ വരെ വർധനയാണു നിലവിൽ വന്നത്. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ഓൾട്ടോ 800’ മുതൽ പ്രീമിയം ക്രോസോവറായ ‘എസ് ക്രോസ്’ വരെയുള്ള വാഹനങ്ങളാണു മാരുതി സുസുക്കി ഇന്ത്യയിൽ വിൽക്കുന്നത്; ഡൽഹി ഷോറൂമിൽ 2.52 ലക്ഷം രൂപ മുതൽ 13.74 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. ‘ഓൾട്ടോ’യുടെ വിലയിൽ 1,000 രൂപയുടെയും ‘എസ് ക്രോസ്’ വിലയിൽ 4,000 രൂപയുടെയും വർധനയാണു നിലവിൽ വന്നതെന്നു കമ്പനി അറിയിച്ചു. അതേസമയം, ‘നെക്സ’യിലൂടെ വിൽപ്പനയ്ക്കെത്തുന്ന പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളുടെ വിലയിൽ 5,000 മുതൽ 12,000 രൂപയുടെ വരെ വർധനയാണു നടപ്പായത്.

Baleno

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില 10,000 രൂപ വരെ വർധന നടപ്പാക്കാൻ കഴിഞ്ഞ ദിവസം ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സും തീരുമാനിച്ചിരുന്നു. ടൊയോട്ട കിർലോസ്കർ മോട്ടോറിനും ടാറ്റ മോട്ടോഴ്സിനും സ്കോഡ ഓട്ടോയ്ക്കും പിന്നാലെയാണു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ച വാഹനവില വർധന പ്രാബല്യത്തിലെത്തിയത്.പുതുവർഷത്തിൽ വില കൂട്ടുമെന്നു വിവിധ നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മാരുതി സുസുക്കിക്കുപുറണെ ടൊയോട്ടയും ടാറ്റയും സ്കോഡയും ഹോണ്ടയും മാത്രമാണ് ഇതുവരെ ഈ പ്രഖ്യാപനം നടപ്പാക്കിയത്. ടൊയോട്ടയുടെ വിവിധ മോഡലുകളുടെ വിലയിൽ 31,500 രൂപയുടെ വരെ വർധനയാണു നിലവിൽ വന്നത്.

Ertiga

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഓട്ടോയുടെ ഇന്ത്യയിലെ മോഡൽ ശ്രേണിയുടെ വിലയിൽ 33,000 രൂപയുടെ വരെ വർധനയും നിലവിൽവന്നു. വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ടാറ്റ മോട്ടോഴ്സിന്റെ വില വർധന 20,000 രൂപ വരെയാണ്.ഹ്യുണ്ടേയ് മോട്ടോർ, ജനറൽ മോട്ടോഴ്സ്, റെനോ, നിസ്സാൻ, ബി എം ഡബ്ല്യു, മെഴ്സീഡിസ് ബെൻസ് തുടങ്ങിയ നിർമാതാക്കളെല്ലാം പുതുവർഷത്തിൽ വില വർധിപ്പിക്കുമെന്നു കാലേക്കൂട്ടി പ്രഖ്യാപിച്ചിരുന്നതാണ്. ജനറൽ മോട്ടോഴ്സ് 20,000 രൂപയും ഹ്യുണ്ടേയ് 30,000 രൂപയും വർധിപ്പിക്കുമെന്നാണു പ്രഖ്യാപിച്ചത്. മറ്റു നിർമാതാക്കളാവട്ടെ രണ്ടു മുതൽ മൂന്നു ശതമാനം വരെ വർധിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്.