മാരുതിയുടെ എൽസിവി വില നാലു ലക്ഷം

മാരുതി സുസുക്കിയുടെ ലൈറ്റ് കോമേഷ്യൽ വെഹിക്കിൾ (എൽ സി വി) സൂപ്പർ ക്യാരി ഓഗസ്റ്റ് അവസാനം വിപണിയിലെത്തും. അഹമ്മദാബാദ്, കൊൽക്കത്ത, ലുദിയാന തുടങ്ങിയ നഗരങ്ങളിലാകും സൂപ്പർക്യാരി ആദ്യം പുറത്തിറങ്ങുക. അഹമ്മദാബാദിൽ 4.03 ലക്ഷം രൂപയും, കൊൽക്കത്തയിൽ 4.11 ലക്ഷം രൂപയും, ലുദിയാനയിൽ 4.01 ലക്ഷം രൂപയുമാണ് സൂപ്പർ ക്യാരിയുടെ എക്സ് ഷോറൂം വില.

793 സിസി ലൈറ്റ് വെയിറ്റ് കോംപാക്റ്റ് രണ്ട് സിലിണ്ടർ ഡീസൽ എൻജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 3500 ആർപിഎമ്മിൽ 24 കിലോ വാട്ട് കരുത്തും 2000 ആർപിഎമ്മിൽ 75 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സ് ഉപയോഗിക്കുന്ന വാഹനത്തിന് 22.07 കിലോമീറ്റർ മൈലേജാണ് കമ്പനി വാക്ദാനം ചെയ്യുന്നത്.

‘സൂപ്പർ കാരി’യെന്ന പേരിൽ ഇന്ത്യയിൽ നിർമിച്ച എൽ സി വി മാരുതി സുസുക്കി കയറ്റുമതി തുടങ്ങിയിട്ടുണ്ട്. മേയിൽ ഉൽപ്പാദനം ആരംഭിച്ച ‘സൂപ്പർ കാരി’ ദക്ഷിണ ആഫ്രിക്കയിലും താൻസാനിയയിലുമാണു വിൽപ്പനയ്ക്കെത്തുന്നത്. ഇരുരാജ്യങ്ങളിലേക്കുമായി ഇതുവരെ നൂറോളം ‘സൂപ്പർ കാരി’ കമ്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു.

വിൽപ്പനയിൽ തിരിച്ചടി നേരിട്ടിരുന്ന ഇന്ത്യൻ എൽ സി വി വിപണി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ ഏപ്രിൽ — ജൂൺ ത്രൈമാസത്തിലെ എൽ സി വി വിൽപ്പനയിൽ 2015ൽ ഇതേകാലത്തെ അപേക്ഷിച്ച് 12% വർധന രേഖപ്പെടുത്തിയിരുന്നു. ഇക്കൊല്ലം മികച്ച മഴ കൂടി ലഭിച്ചതോടെ ഗ്രാമീണ മേഖലയിലെ എൽ സി വി വിൽപ്പന കൂടുതൽ ഉഷാറാവുമെന്നാണു പ്രതീക്ഷ.