‘നെക്സ’യുടെ എണ്ണം 250 ആക്കി ഉയർത്താൻ മാരുതി സുസുക്കി

Nexa Showroom

അടുത്ത സാമ്പത്തിക വർഷത്തോടെ പ്രീമിയം ഔട്ട്ലെറ്റായ ‘നെക്സ’യുടെ എണ്ണം 250 ആക്കി ഉയർത്താൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു പദ്ധതി. അവതരിപ്പിച്ച് ആറു മാസത്തിനുള്ളിൽ ‘നെക്സ’ ശ്രേണിയിലെ ഷോറൂമുകളുടെ എണ്ണം നൂറിലെത്തിയെന്നു കമ്പനി പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച ‘നെക്സ’ ഷോറൂം വഴി ഇതുവരെ 45,000 വാഹനങ്ങൾ വിറ്റതായും കമ്പനി അറിയിച്ചു. ഇതിൽ 17,000 ‘എസ് ക്രോസ്’ ക്രോസോവറും 28,000 ‘ബലേനൊ’ പ്രീമിയം ഹാച്ച്ബാക്കുകളും ഉൾപ്പെടും. നിലവിൽ മൊത്തം വിൽപ്പനയുടെ 10% ആണു ‘നെക്സ’യുടെ സംഭാവനയെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. 2020 ആകുമ്പോഴേക്കു വാഹന വിൽപ്പനിയൽ ‘നെക്സ’ ശൃംഖലയുടെ വിഹിതം 15% ആക്കി ഉയർത്താനാണു മാരുതി സുസുക്കിയുടെ പദ്ധതി. ഇതിനായി ഇത്തരം ഷോറൂമുകളുടെ എണ്ണം 400 എങ്കിലുമാക്കി ഉയർത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Baleno

അതിനിടെ ‘നെക്സ’യിലൂടെ അരങ്ങേറ്റം കുറിച്ച ‘ബലേനൊ’ മികച്ച വിൽപ്പന കൈവരിച്ചു മുന്നേറുന്നത് മാരുതി സുസുക്കിക്ക് ഏറെ ആഹ്ലാദം പകർന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ എതിരാളികളായ ഹ്യുണ്ടേയ് ‘എലീറ്റ് ഐ ട്വന്റി’യെ പിന്തള്ളാൻ ‘ബലേനൊ’യ്ക്കു സാധിച്ചെന്നാണു വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നത്. വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കനുസരിച്ചു ഡിസംബറിൽ മാരുതി സുസുക്കി 10,572 ‘ബലേനൊ’ വിറ്റപ്പോൾ ഹ്യുണ്ടേയിയുടെ ‘എലീറ്റ് ഐ 20’ വിൽപ്പന 10,379 യൂണിറ്റിലൊതുങ്ങി. നവംബറിലാവട്ടെ ‘ബലേനൊ’ വിൽപ്പന 9,074 യൂണിറ്റും ‘എലീറ്റ് ഐ 20’ വിൽപ്പന 10,074 യൂണിറ്റുമായിരുന്നു. പെട്രോൾ(1.2 ലീറ്റർ), ഡീസൽ (1.3 ലീറ്റർ) എൻജിനുകളോടെ വിൽപ്പനയ്ക്കുള്ള ‘ബലേനൊ’യിൽ മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഇരട്ട എയർബാഗും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവുമൊക്കെ എല്ലാ വകഭേദത്തിലും മാരുതി സുസുക്കി ലഭ്യമാക്കിയിരുന്നു. പോരെങ്കിൽ തികച്ചും മത്സരക്ഷമമായ വിലകളിലാണു ‘ബലേനൊ’ വിപണിയിലെത്തിയത്; പെട്രോൾ മോഡലിന് 4.99 ലക്ഷം രൂപ മുതലായിരുന്നു വില(കഴിഞ്ഞ ദിവസത്തെ വർധനയോടെ വില 5.11 ലക്ഷത്തിലെത്തി). ഡീസൽ എൻജിനുള്ള ‘ബലേനൊ’യ്ക്ക് 6.21 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില. അതേസമയം ‘എലീറ്റ് ഐ 20’ പെട്രോളിന്റെ അടിസ്ഥാന വകഭേദത്തിന് 5.36 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള കാറിന് 6.47 ലക്ഷം രൂപയുമാണു വില.

S Cross

അതിനിടെ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ നേട്ടം എസ് യു വിയിലേക്കു വ്യാപിപ്പിക്കാനും അവിടെയും കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയിയെ വെല്ലുവിളിക്കാനുമാണ് മാരുതി സുസുക്കിയയുടെ ഇപ്പോഴത്തെ ശ്രമം. ഹ്യുണ്ടേയിയുടെ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ തകർപ്പൻ വിൽപ്പന നേടിയാണു മുന്നേറുന്നത്; ‘ക്രേറ്റ’യെ നേരിടാൻ ഓട്ടോ എക്സ്പോയിൽ ‘വിറ്റാര ബ്രെസ’ അനാവരണം ചെയ്യാനാണു മാരുതി സുസുക്കിയുടെ ഒരുക്കം. മാർച്ചോടെ ‘വിറ്റാര ബ്രെസ’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.