ജൂലൈയിലെ വിൽപ്പന: ആദ്യ 10 റാങ്കിൽ ഏഴും മാരുതിക്ക്

ജൂലൈയിലെ യാത്രാ വാഹന വിൽപ്പന കണക്കെടുപ്പിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)നു സമ്പൂർണ ആധിപത്യം. മികച്ച വിൽപ്പന നേടി ആദ്യ 10 സ്ഥാനങ്ങളിലെത്തിയവയിൽ ഏഴെണ്ണവും മാരുതി സുസുക്കിയുടെ മോഡലുകളാണ്. പോരെങ്കിൽ അടുത്തയിടെ മാത്രം വിൽപ്പയ്ക്കെത്തിയ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘വിറ്റാര ബ്രേസ’യും ആദ്യ പത്തിൽ ഇടം നേടി. ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് ‘മാരുതി ഓൾട്ടോ’യാണു ജൂലൈയിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാം സ്ഥാനത്ത്. 19,844 ‘ഓൾട്ടോ’യാണു കഴിഞ്ഞ മാസം വിറ്റത്. ഈ കാറിന്റെ 2015 ജൂലൈയിലെ വിൽപ്പനയാവട്ടെ 22,212 യൂണിറ്റായിരുന്നു.

മാരുതിയുടെ കോംപാക്ട് സെഡാനായ ‘സ്വിഫ്റ്റ് ഡിയസർ’ ആണു വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. 2015 ജൂലൈയിൽ 19,716 ‘ഡിസയർ’ വിറ്റതു പക്ഷേ കഴിഞ്ഞ മാസം 16,170 ആയി കുറഞ്ഞു. 15,207 യൂണിറ്റ് വിൽപ്പനയോടെ കോംപാക്ട് കാറായ ‘വാഗൻ ആർ’ ആണു മൂന്നാം സ്ഥാനത്ത്. 2015 ജൂലൈയിൽ 15,540 യൂണിറ്റ് വിൽപ്പനയോടെ ‘വാഗൻ ആർ’ നാലാം സഥാനത്തായിരുന്നു.  ഇത്തവണ നാലാം സ്ഥാനം പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നാണ്; വിൽപ്പന 13,934 എണ്ണം. 2015 ജൂലൈയിൽ 18,870 യൂണിറ്റ് വിൽപ്പനയോടെ ‘സ്വിഫ്റ്റ്’ മൂന്നാം സ്ഥാനത്തായിരുന്നു.കൊറിയയിൽ നിന്നുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഹാച്ച്ബാക്കായ ‘ഗ്രാൻഡ് ഐ 10’ ആണ് വിൽപ്പനയിൽ അഞ്ചാം സ്ഥാനത്ത്: 11,961 യൂണിറ്റ്. 2015 ജൂലൈയിൽ 8,691 ‘ഗ്രാൻഡ് ഐ 10’ ആണു ഹ്യുണ്ടേയ് വിറ്റത്.

ആറാം സ്ഥാനത്താണു പുതുമുഖമായ ‘വിറ്റാര ബ്രേസ’യുടെ അരങ്ങേറ്റം; 10,232 യൂണിറ്റിന്റെ വിൽപ്പനയാണ് കാർ കഴിഞ്ഞ മാസം നേടിയത്. ഏഴാം സ്ഥാനത്തെത്തിയ പ്രീമിയം ഹാച്ച്ബാക്കായ ഹ്യുണ്ടേയ് ‘എലീറ്റ് ഐ 20’ കൈവരിച്ചത് 9,910 യൂണിറ്റിന്റെ വിൽപ്പനയാണ്. റെനോയുടെ എൻട്രി ലവൽ മോഡലായ ‘ക്വിഡ്’ ആണ് എട്ടാം സ്ഥാനത്ത്; 9,897 ‘ക്വിഡ്’ ആണു ജൂലൈയിൽ വിറ്റഴിഞ്ഞത്. 9,120 യൂണിറ്റ് വിൽപ്പനയോടെ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ ഒൻപതാം സ്ഥാനം നേടി. 8,564 യൂണിറ്റ് വിറ്റ മാരുതി ‘ഓമ്നി’ക്കാണു 10—ാം സ്ഥാനം. കഴിഞ്ഞ വർഷം ജൂലൈയിലെ വിൽപ്പന കണക്കെടുപ്പിൽ ആദ്യ പത്തിൽ ഇടമുണ്ടായിരുന്ന ഹ്യുണ്ടേയ് ‘ക്രേറ്റ’, ഹോണ്ട ‘ജാസ്’, മാരുതി ‘സെലേറിയൊ’ എന്നിവയ്ക്ക് ഇത്തവണ ഇതേ നേട്ടം ആവർത്തിക്കാനായില്ല.