മാരുതിയുടെ ‘ഓൾട്ടോ’യുമെത്തുന്നു, ഡീസൽ എൻജിനോടെ

ഡീസൽ എൻജിനുള്ള ‘സെലേറിയൊ’യിലൂടെ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാർ എന്ന പെരുമ മാരുതി സുസുക്കി സ്വന്തമാക്കിയിരുന്നു. ‘സെലേറിയൊ’യിലൂടെ അരങ്ങേറിയ ‘125 ഡി ഡി ഐ എസ്’ ഡീസൽ എൻജിൻ ആധാരമാക്കി പുതിയ കാർ യാഥാർഥ്യമാക്കാനാണത്രെ കമ്പനിയുടെ ഇപ്പോഴത്തെ ശ്രമം. ഡിസംബറിൽ പുറത്തെത്തുമെന്നു കരുതുന്ന പുതിയ ‘ഓൾട്ടോ 800’ കാറിനും ‘125 ഡി ഡി ഐ എസി’ന്റെ പിൻബലമേകാനാണു മാരുതി സുസുക്കിയുടെ ഇപ്പോഴത്തെ ശ്രമം.

മാരുതി സുസുക്കി ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത 793 സി സി, അലൂമിനിയം നിർമിത ഇരട്ട സിലിണ്ടർ ഡീസൽ എൻജിനു 3,500 ആർ പി എമ്മിൽ പരമാവധി 47.65 പി എസ് കരുത്തും 2,000 ആർ പി എമ്മിൽ 125 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഹൈഡ്രോളിക് ക്ലച്ചിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ ഗീയർ ബോക്സാണു കാറിലെ ട്രാൻസ്മിഷൻ. കുറഞ്ഞ ശേഷിക്കൊപ്പം ഘർഷണം കുറച്ചും താപ കാര്യക്ഷമത ഉയർത്തിയും വിസ്കോസിറ്റി കുറഞ്ഞ ലൂബ്രിക്കന്റുകൾ ഉപയോഗിച്ചുമൊക്കെ ഓരോ ലീറ്റർ ഡീസലിനും 27.62 കിലോമീറ്ററാണു മാരുതി സുസുക്കി കൈവരിച്ച ഇന്ധനക്ഷമത. ‘ഓൾട്ടോ’യിലെത്തുമ്പോഴാവട്ടെ ‘സെലേറിയൊ’യെ അപേക്ഷിച്ചു കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ ‘ഡി ഡി ഐ എസ് 125’ എൻജിനു കഴിയുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ.

ഡീസലിൽ മാത്രമല്ല പെട്രോൾ എൻജിനൊപ്പവും പുതിയ ‘ഓൾട്ടോ’യിൽ കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. നിലവിൽ കാറിലെ 796 സി സി, മൂന്നു സിലിണ്ടർ എൻജിൻ ഓരോ ലീറ്റർ പെട്രോളിലും 22 കിലോമീറ്ററോളം ഓടുന്നുണ്ട്. പുതിയ കാർ എത്തുമ്പോൾ ഇതിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാണു കമ്പനിയുടെ ശ്രമം.

രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറുകൾക്കൊപ്പമാണ് ‘ഓൾട്ടോ 800’ ഇടംപിടിക്കുന്നത്. കഴിഞ്ഞ ദശാബ്ദത്തിനിടെ ‘ഓൾട്ടോ’ കൈവരിച്ച മൊത്തം വിൽപ്പന 28 ലക്ഷം യൂണിറ്റിലേറെയാണ്. ഡീസൽ എൻജിന്റെ കൂടി പിൻബലമാവുന്നതോടെ ‘ഓൾട്ടോ’ വിൽപ്പന പുത്തൻ ഉയരങ്ങളിലെത്തിക്കാനാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ.