മാരുതി സുസുക്കി ഗുജറാത്ത് ശാല: ധാരണാപത്ര വ്യവസ്ഥകളായി

ഗുജറാത്തിലെ നിർദിഷ്ട ശാലയിൽ നിന്നു മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനു(എസ് എം സി)വേണ്ടി കരാർ വ്യവസ്ഥയിൽ കാർ നിർമിച്ചു നൽകുന്നതു സംബന്ധിച്ച ദീർഘകാല ധാരണാപത്രം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എസ് എം ഐ എൽ)ന്റെ ബോർഡ് യോഗം അംഗീകരിച്ചു. സുസുക്കിക്കായി 30 വർഷം വരെ നീളുന്ന കാലത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള കാർ നിർമാണം ഏറ്റെടുക്കാനാണു ധാരണ.

എസ് എം സിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്തും മാരുതി സുസുക്കി ഇന്ത്യയുമായാണു ധാരണാപത്രം ഒപ്പിടുക. നിയമപരമായ അനുമതികൾക്കും ന്യൂനപക്ഷ ഓഹരി ഉടമകളുടെ അംഗീകാരത്തിനും വിധേയമായി ഗുജറാത്തിലെ പ്ലാന്റിന്റെ നടത്തിപ്പ് സുസുക്കി മോട്ടോർ ഗുജറാത്തിനാവും.

ഒക്ടോബർ ഒന്നിനു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണു സുസുക്കി മോട്ടോർ ഗുജറാത്ത് (പ്രൈവറ്റ്) ലിമിറ്റഡുമായി ഒപ്പിടേണ്ട കോൺട്രാക്ട് മാനുഫാക്ചറിങ് കരാറിലെ വ്യവസ്ഥകളും പാട്ടക്കരാറും അംഗീകരിച്ചതെന്നു കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. തുടക്കത്തിൽ 15 വർഷമാവും നിർമാണ കരാറിന്റെ കാലാവധി; എന്നാൽ ഇരുകക്ഷികളും പ്രത്യേക നടപടി സ്വീകരിച്ചില്ലെങ്കിലും കരാർ 15 വർഷത്തേക്കു കൂടി സ്വയം തുടരുമെന്നും വ്യവസ്ഥയുണ്ട്. ഇരുകമ്പനികളും പരസ്പര ധാരണയോടെ കരാർ റദ്ദാക്കിയാൽ മാത്രമാവുമത്രെ ഇതിൽ മാറ്റമുണ്ടാവുക. ഇപ്പോൾ നിശ്ചയിച്ച കാലാവധിയായ 30 വർഷത്തിനുശേഷം കരാറിന്റെ ഭാവി എം എസ് ഐ എല്ലും സുസുക്കി മോട്ടോർ ഗുജറാത്തും പരസ്പരം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഗുജറാത്ത് ശാലയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തു പദ്ധതിയിൽ നിക്ഷേപം നടത്താൻ മാതൃസ്ഥാപനമായ എസ് എം സിയെ അനുവദിക്കുന്നതു സംബന്ധിച്ചു ന്യൂനപക്ഷ ഓഹരി ഉടമകളുടെ അഭിപ്രായം ആരായാനും മാരുതി സുസുക്കി ഉടൻ നടപടി സ്വീകരിക്കുമെന്നാണു സൂചന. എന്നാൽ ഈ വോട്ടെടുപ്പിനുള്ള തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല.

ആഭ്യന്തര വിപണിയിലെ ആവശ്യം നിറവേറ്റാൻ ലക്ഷ്യമിട്ടാണു ഗുജറാത്തിൽ പുതിയ നിർമാണശാല സ്ഥാപിക്കാൻ മാരുതി സുസുക്കി നീക്കം തുടങ്ങിയത്. എന്നാൽ ഗുജറാത്തിലെ ശാലയ്ക്കായി 48.80 കോടി ഡോളർ നിക്ഷേപിക്കുമെന്നു കഴിഞ്ഞ ജനുവരിയിൽ എസ് എം സി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പ്രഖ്യാപനത്തെ എതിർത്തു മാരുതി സുസുക്കിയിലെ നിക്ഷേപക സ്ഥാപനങ്ങളും രംഗത്തെത്തി. തങ്ങളുടെ താൽപര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനികൾ ‘സെബി’യെയും സമീപിച്ചു. മാരുതിയിൽ ഏഴു ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള സ്വകാര്യ മേഖല മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളുമാണ് എതിർപ്പുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

പ്രതിവർഷം ഏഴര ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയാണ് 2017 മേയ് മാസത്തോടെ ഗുജറാത്തിൽ പ്രവർത്തനക്ഷമമാക്കാൻ മാരുതി സുസുക്കി മാരുതി ശ്രമിക്കുന്നത്. നിലവിൽ ഹരിയാനയിലെ ഗുഡ്ഗാവിലുള്ള രണ്ട് ശാലകളിൽ നിന്നായി 15 ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി.