ലോകത്തെ മികച്ച കാറുകളാകാൻ ഇഗ്‍നിസും ബലേനൊയും

ഈ വർഷം പുറത്തിറങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കാറാകാൻ മാരുതി സുസുക്കി ബലേനോയും സുസുക്കി ഇഗ്‌നിസും. നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകളുടെ ഗണത്തിലേയ്ക്കാണ് ഇരു വാഹനങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിലെത്തിയ ബലേനോ ഈ വർഷം ജൂണിലാണ് യൂറോപ്യൻ വിപണിയിലെത്തിയത്. ജപ്പാൻ വിപണിയിൽ നിലവിലുള്ള ഇഗ്‌നിസ്‍ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎം‍ഡബ്ല്യു ഐ3, സിട്രോൺ സി3, ഫോർഡ് കാ പ്ലസ് തുടങ്ങിയ കാറുകളുമായാണ് ഇഗ്‌നിസും ബലേനോയും മത്സരിക്കുക. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ‌ നിന്നുള്ള 73 ഓട്ടോമൊബൈൽ ജേർണലിസ്റ്റുകളാണ് മികച്ച കാറിനെ തിരഞ്ഞെടുക്കുന്നു. ആഗോള മാർക്കറ്റിൽ ഈ വർഷം പുറത്തിറങ്ങിയ കാറുകളെയാണ് മികച്ച കാറാകാനുള്ള മത്സരത്തിൽ പരിഗണിക്കുക.

ഇന്ത്യയിൽ അടുത്ത വർഷം ആദ്യം പുറത്തിറങ്ങുന്ന ചെറു വാഹനമാണ് ഇഗ്‌നിസിന് പെട്രോൾ ഡീസൽ വകഭേദങ്ങളുണ്ടാകും. 1.2 ലീറ്റർ‌ പെട്രോള്‍, 1.3 ലീറ്റർ ഡീസൽ എൻജിനുകള്‍ വാഹനത്തിലുണ്ടാകും എന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിർമിച്ചു ജപ്പാനിൽ വിൽക്കുന്ന ആദ്യകാറാണ് ബലേനോ. ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യൂണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയുടെ പെട്രോൾ, ഡീസൽ വകഭേദങ്ങൾ ലഭ്യമാണ്. 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമുണ്ട്. 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.