ഹ്യുണ്ടേയ് ഐ20-യെ പിന്നിലാക്കി മാരുതി ബലേനോ

തുടർച്ചയായി രണ്ടാം മാസവും ഹ്യുണ്ടേയ്‌യുടെ എലൈറ്റ് ഐ20-യെ പിന്നിലാക്കി മുന്നേറുകയാണ് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ. മേയിൽ 10000 ബലേനോകൾ നിരത്തിലെത്തിയപ്പോൾ 8469 എലൈറ്റ് ഐ 20 കൾ മാത്രമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ‌ ബലേനോയുടെ വിൽപ്പ 9562 യൂണിറ്റും എലൈറ്റ് ഐ20യുടേത് 9400 യൂണിറ്റും ആയിരുന്നു.

കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യൻ നിർമിച്ച് ജപ്പാനിൽ വിൽക്കുന്ന ആദ്യകാർ എന്ന ബഹുമതി സ്വന്തമാക്കിയ കാറാണ് ബലേനോ. ഇന്ത്യൻ വിപണിയിലെ പ്രീമിയം കോംപാക്ട് ഹാച്ച്ബാക്ക് വിപണിയിൽ ഹ്യുണ്ടായ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്​വാഗൻ ‘പോളോ’ എന്നിവയോട് ഏറ്റുമുട്ടുന്ന ബലേനോയ്ക്ക് പെട്രോൾ, ഡീസൽ എൻജിനുകളാണുള്ളത്.

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന കാറിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. 1.2 ലീറ്റർ പെട്രോൾ എൻജിന് പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമുണ്ട്. 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്‌ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) ഗീയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.