‘സിയാസി’ന് ‘ആർ എസ്’ പതിപ്പുമായി മാരുതി

Maruti Suzuki Ciaz RS

ഇടത്തരം പ്രീമിയം സെഡാനായ ‘സിയാസി’ന്റെ സ്പോർട്ടി രൂപാന്തരമായ ‘ആർ എസ്’ വകഭേദം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി. പെട്രോൾ എൻജിനുള്ള ‘സിയാസ് ആർ എസി’ന് 9.20 ലക്ഷം രൂപയും ഡീസൽ എൻജിനുള്ള മോഡലിന് 10.28 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

സാധാരണ ‘സിയാസി’നൊപ്പം പ്രത്യേക ബോഡി കിറ്റ് ലഭ്യമാക്കിയാണു മാരുതി സുസുക്കി ‘സിയാസ് ആർ എസ്’ യാഥാർഥ്യമാക്കിയത്. അണ്ടർ ബോഡി മുൻ — പിൻ സ്പോയ്​ലർ, സൈഡ് സ്കർട്ട്സ്, ബൂട്ട് ലിഡ് സ്പോയ്​ലർ എന്നിവയ്ക്കൊപ്പം കറുപ്പിൽ സാക്ഷാത്കരിച്ച അകത്തളവും ഗ്രേ — ക്രോം ഫിനിഷ് ഇൻസ്ട്രമെന്റ് പാനലുമാണ് ‘സിയാസ് ആർ എസി’ന്റെ സവിശേഷത. കൂടാതെ കാഴ്ചയിൽ അലൂമിനിയമെന്നു തോന്നിക്കുന്ന ട്രിമ്മുകളും കാറിലുണ്ട്. പോരെങ്കിൽ സ്മാർട്പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇരട്ട എയർബാഗ്, എ ബി എസ് തുടങ്ങി ‘സിയാസി’ന്റെ ‘സെഡ് പ്ലസ്’ വകഭേദത്തിലെ സംവിധാനങ്ങളും സൗകര്യങ്ങളുമൊക്കെ ‘ആർ എസി’ൽ നിലനിർത്തിയിട്ടുമുണ്ട്.

സാങ്കേതിക വിഭാഗത്തിൽ മാറ്റങ്ങളില്ലാതെയാണു ‘സിയാസ് ആർ എസ്’ എത്തുന്നത്. ‘സെഡ് എക്സ് ഐ പ്ലസ് ആർ എസി’നു കരുത്തേകന്നത് 1.4 ലീറ്റർ പെട്രോൾ എൻജിനാണ്; പരമാവധി 91 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. ‘സെഡ് ഡി ഐ പ്ലസ് ആർ എസി’നു കരുത്തേകുന്നതാവട്ടെ 89 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന, 1.3 ലീറ്റർ ഹൈബ്രിഡ് ഡീസൽ എൻജിനാണ്. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, നാലു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണു ട്രാൻസ്മിഷൻ. ഡീസൽ എൻജിനൊപ്പം ലഭിക്കുക മാനുവൽ ട്രാൻസ്മിഷൻ മാത്രം.

ഹോണ്ട ‘സിറ്റി’, ഹ്യുണ്ടായ് ‘വെർണ’, ഫോക്സ്​വാഗൻ ‘വെന്റോ’ തുടങ്ങിയവയോടു മത്സരിക്കുന്ന ‘സിയാസ് ആർ എസ്’ ഏഴു നിറങ്ങളിലാണു വിൽപ്പനയ്ക്കുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ അരങ്ങേറ്റം കുറിച്ച ‘സിയാസി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 56,000 യൂണിറ്റ് പിന്നിട്ടു. മാരുതിയുടെ ശക്തമായ ബ്രാൻഡായി ‘സിയാസ്’ മാറിയിട്ടുണ്ടെന്നു കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. ഇടത്തരം വലിപ്പമുള്ള പ്രീമിയം സെഡാനുകളുടെ വിഭാഗത്തിൽ മാരുതിക്ക് ശക്തമായ സാന്നിധ്യമാണു ‘സിയാസ്’ ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.