1.6 ലീറ്റർ ‘എസ് ക്രോസി’ന് ഇനി ‘ആൽഫ’ പതിപ്പ് മാത്രം

S Cross

വിപണിയുടെ ആവശ്യം പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സാഹചര്യത്തിൽ പ്രീമിയം ക്രോസോവറായ ‘എസ് ക്രോസി’ന്റെ ചില താഴ്ന്ന വകഭേദങ്ങൾ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പിൻവലിച്ചു. ശേഷിയേറിയ 1.6 ലീറ്റർ ഡീസൽ എൻജിൻ കരുത്തേകുന്ന ‘എസ് ക്രോസി’ന്റെ ചില വകഭേദങ്ങളുടെ ഉൽപ്പാദനമാണു കമ്പനി പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിപ്പിച്ചിരിക്കുന്നത്. ഇതോടെ 1.6 ലീറ്റർ ഡീസൽ എൻജിൻ സഹിതം മുന്തിയ വകഭേദമായ ‘എസ് ക്രോസ് ആൽഫ’ മാത്രമാണു പ്രീമിയം ഷോറൂം ശൃംഖലയായ ‘നെക്സ’ വഴി വിൽപ്പനയ്ക്കുള്ളത്. ഡൽഹി ഷോറൂമിൽ 12.03 ലക്ഷം രൂപയാണ് ഈ മോഡലിന് വില. അതേസമയം ശേഷി കുറഞ്ഞ 1.3 ലീറ്റർ ഡീസൽ എൻജിനോടെ മൂന്നു വകഭേദങ്ങളിൽ ‘എസ് ക്രോസ്’ വിപണിയിലുണ്ട്. ഡൽഹിയിൽ 8.78 ലക്ഷം രൂപ മുതൽ 10.63 ലക്ഷം രൂപ വരെയാണു വിവിധ വകഭേദങ്ങൾക്കു വില.

ശേഷിയേറിയ എൻജിനുള്ള ‘എസ് ക്രോസ്’ വിൽപ്പന മുന്തിയ വകഭേദത്തിലൊതുക്കിയ കാര്യം മാരുതി സുസുക്കി ഇന്ത്യയും സ്ഥിരീകരിച്ചിട്ടുണ്ട്. 1.6 ലീറ്റർ വിഭാഗത്തിൽ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാമുള്ള മുന്തിയ വകഭേദത്തിനോടാണ് ഉപയോക്താക്കൾക്ക് താൽപര്യമെന്നാണു കമ്പനിയുടെ വിശദീകരണം. ഈ ആഭിമുഖ്യം പരിഗണിച്ചാണ് 1.6 ലീറ്റർ എൻജിനുള്ള ‘എസ് ക്രോസി’ന്റെ ലഭ്യത ‘ആൽഫ’ പതിപ്പിലൊതുക്കിയതെന്നും മാരുതി സുസുക്കി വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനമാണ് ‘എസ് ക്രോസ്’ കാഴ്ചവയ്ക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.‘എസ് ക്രോസി’ലൂടെ മാരുതി സുസുക്കിയാണ് പ്രീമിയം ക്രോസോവർ എന്ന പുതിയ വിഭാഗത്തിനു തുടക്കം കുറിച്ചത്. ഇപ്പോഴും പ്രതിമാസം 2,000 — 2,100 യൂണിറ്റ് വിൽപ്പന നേടാൻ ‘എസ് ക്രോസി’നു കഴിയുന്നുണ്ടെന്നാണു മാരുതി സുസുക്കിയുടെ കണക്ക്.

പുത്തൻ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴി മാരുതി സുസുക്കി വിപണനം ചെയ്ത ആദ്യ മോഡലായിരുന്നു ‘എസ് ക്രോസ്’. 2015 ജൂലൈയിലെ ‘നെക്സ’യുടെ അവതരണത്തിനൊപ്പമായിരുന്നു 1.3 ലീറ്റർ, 1.6 ലീറ്റർ ഡീസൽ എൻജിനുകളോടെ ‘എസ് ക്രോസി’ന്റെയും അരങ്ങേറ്റം. തുടക്കത്തിൽ വില നിർണയത്തിലെ അപാകതകൾ ‘എസ് ക്രോസ്’ വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിച്ചിരുന്നു. തുടർന്നു കഴിഞ്ഞ വർഷം ‘എസ് ക്രോസ്’ വിലയിൽ രണ്ടു ലക്ഷം രൂപയുടെ വരെ ഇളവ് അനുവദിക്കാൻ കമ്പനി തയാറായി. 1.6 ലീറ്റർ ‘എസ് ക്രോസ്’ വകഭേദങ്ങൾക്ക് 2.05 ലക്ഷം രൂപയുടെയും 1.3 ലീറ്റർ ‘എസ് ക്രോസി’ന് 40,000 മുതൽ 66,000 രൂപയുടെ വരെയും ആനുകൂല്യമാണ് കമ്പനി അനുവദിച്ചത്. എന്തായാലും ‘എസ് ക്രോസും’ പിന്നാലെയെത്തിയ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും ചേർന്നു യൂട്ടിലിറ്റി വാഹന(യു വി) വിഭാഗത്തിൽ മാരുതി സുസുക്കിയുടെ നില ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.