മാരുതിയെ തോൽപിക്കാനാവില്ല മക്കളേ

Brezza

കാർ വിപണിയിൽ കരുത്തോടെ വീണ്ടും മാരുതി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളിൽ എട്ടും മാരുതി സുസുക്കി ഇന്ത്യയുടെ കാറുകൾ. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സിന്റെ, 2016 എപ്രിൽ മുതൽ 2017 ജനുവരി വരെയുള്ള വാഹനവിൽപനയുടെ കണക്കുകളാണ് മാരുതിയുടെ കുതിപ്പ് വ്യക്തമാക്കുന്നത്.

ആറു മോഡലുകളുമായി കഴിഞ്ഞ വർഷവും മാരുതി തന്നെയായിരുന്നു വിൽപനയിൽ മുൻപിൽ. എട്ടു മോഡലുകളുമായി ആകെ വിപണിയുടെ 47.6% ഇക്കുറി മാരുതി കൈക്കലാക്കിക്കഴിഞ്ഞു. 22,998 യൂണിറ്റ് വിൽപനയുമായി ജനപ്രിയ മോഡലായ ഓൾട്ടോയാണ് ലിസ്റ്റിൽ ഒന്നാമൻ. 15,087 യൂണിറ്റ് വിറ്റ സെഡാൻ ഡിസയർ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള വാഗൺആറിനും നാലാം സ്ഥാനത്തുള്ള സ്വിഫ്റ്റിനും ശേഷം അഞ്ചാം സ്ഥാനത്താണ് ഒരു മാരുതി ഇതര കാർ ഇടംകണ്ടെത്തിയത്; ഹ്യുണ്ടായ് ഐ10.

ഹ്യുണ്ടായ്‌യുടെ തന്നെ പ്രീമിയം ഹാച്ബാക് വാഹനമായ എലൈറ്റ് ഐ20 ആറാം സ്ഥാനത്തെത്തി. തുടർന്ന് ഏഴ്, എട്ട്, ഒൻപത് സ്ഥാനങ്ങളിൽ വീണ്ടും മാരുതിയുടെ തന്നെ സെലെറിയോ, ബലെനോ, വിറ്റാര ബ്രൈസ എന്നിവ സ്ഥാനംപിടിച്ചു. ലിസ്റ്റിൽ പത്താം സ്ഥാനത്ത് മാരുതി ഒമ്നി എത്തിയിട്ടും ഹ്യുണ്ടായ് ക്രെറ്റയോ ഹോണ്ടയുടെ ഒരു മോഡലോ ലിസ്റ്റിൽ ഇടംകണ്ടെത്തിയില്ലെന്നതു ശ്രദ്ധേയമാണ്. ഇന്ത്യൻ നിരത്തിൽ കഴിഞ്ഞ വർഷം ആകെ ഇറങ്ങിയ 25 ലക്ഷം വാഹനങ്ങളിൽ 11.95 ലക്ഷവും മാരുതി കാറുകൾ തന്നെ.