സുസുക്കി മോട്ടോർ സൈക്കിളിനു തുണയേകാൻ മാരുതി

ഇന്ത്യൻ വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി, മാരുതി സുസുക്കിയുടെ സഹായം തേടുന്നു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ഇന്ത്യൻ വിപണിയിലുള്ള കരുത്തും സ്വാധീനവുമൊക്കെ ഇരുചക്രവാഹന വിഭാഗത്തിന്റെ വളർച്ചയ്ക്കു പ്രയോജനപ്പെടുത്താനാണു സുസുക്കിയുടെ പദ്ധതി. സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി(എസ് എം ഐ പി എൽ)ന്റെ വിൽപ്പന ഏറ്റെടുക്കാൻ മാരുതി സുസുക്കി ഡീലർമാരെ പ്രേരിപ്പിക്കുന്നതിനൊപ്പം ഇരു കമ്പനികൾക്കും യന്ത്രഘടകങ്ങൾ നിർമിച്ചു നൽകാൻ പൊതു സപ്ലയർമാരെ നിയോഗിക്കാനും ആലോചനയുണ്ട്. ആദ്യഘട്ടത്തിൽ ഇരുപതിലേറെ മാരുതി സുസുക്കി ഡീലർമാരെയാണു സുസുക്കി മോട്ടോർ സൈക്കിളിന്റെ കൂടി ഡീലർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച കാർ ഡീലർമാരെ കണ്ടെത്തി അവരെ മോട്ടോർ സൈക്കിളുകളുടെ കൂടി വിൽപ്പന ചുമതല ഏർപ്പിക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെന്ന് എസ് എം ഐ പി എൽ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ പറയുന്നു. ‘ഹയബൂസ’ പോലുള്ള സൂപ്പർ ബൈക്കുകളുടെ വിപണന ചുമതല ഏറ്റെടുക്കാൻ പല മാരുതി സുസുക്കി ഡീലർമാർക്കും താൽപര്യമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മാരുതി സുസുക്കിയും എസ് എം ഐ പി എല്ലും ഒരേ യന്ത്രഘടക നിർമാതാക്കളെ ആശ്രയിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി വി എസ് മോട്ടോറുമായുള്ള സഹകരണം അവസാനിപ്പിച്ച ശേഷം ദശാബ്ദത്തോളം മുമ്പാണു സുസുക്കി സ്വന്തം നിലയിൽ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പ്രവേശിച്ചത്. എന്നാൽ വിപണിയിൽ കാര്യമായ നേട്ടം സ്വന്തമാക്കാനോ സാന്നിധ്യം ഉറപ്പാക്കാനോ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 3,13,300 ഇരുചക്രവാഹനങ്ങളാണു സുസുക്കി ഇന്ത്യയിൽ വിറ്റത്; 2014 — 15നെ അപേക്ഷിച്ച് എട്ടു ശതമാനത്തോളം കുറവാണിത്. ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ സുസുക്കിയുടെ വിഹിതമാവട്ടെ 1.9% മാത്രമാണ്. പ്രാദേശിക കമ്പനികളായ ഹീറോ മോട്ടോ കോർപും ടി വി എസ് മോട്ടോർ കമ്പനിയും ബജാജ് ഓട്ടോയും മാത്രമല്ല നാട്ടുകാരായ ഹോണ്ടയും യമഹയുമൊക്കെ ഇന്ത്യയിൽ സുസുക്കിക്കു കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേസമയം സുസുക്കിക്ക് ഉടമസ്ഥാവകാശമുള്ള മാരുതി സുസുക്കിയാവട്ടെ ഇന്ത്യൻ കാർ വിപണി അടക്കി വാഴുകയാണ്; ഇന്ത്യൻ കാർ വിപണിയിൽ 47% ആണു കമ്പനിയുടെ വിഹിതം.വാഹന നിർമാണം, പർച്ചേസ് തുടങ്ങിയ മേഖലകളിൽ മാരുതി സുസുക്കിയിൽ നിന്നുള്ള എക്സിക്യൂട്ടീവുകളെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കാനും എസ് എം ഐ പി എൽ ഒരുങ്ങുന്നുണ്ട്. സുസുക്കി മോട്ടോർ സൈക്കിളിന്റെ കോർപറേറ്റ് ഓഫിസ് ഡൽഹിയിലെ വസന്ത്കുഞ്ജിൽ മാരുതി സുസുക്കിയുടെ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു മാറ്റിയതും ഇരുകമ്പനികളുമായി മെച്ചപ്പെട്ട സഹകരണം ലക്ഷ്യമിട്ടു തന്നെ.

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പ്രവേശിക്കാൻ സുസുക്കി 3,000 കോടിയോളം രൂപയാണു ചെലവഴിച്ചത്. പ്രതിവർഷം ഏഴു ലക്ഷം ഇരുചക്രവാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയും എസ് എം ഐ പി എല്ലിനുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രമാണു കമ്പനി ആദ്യമായി നേരിയ ലാഭം സ്വന്തമാക്കിയത്. അതേസമയം അടുത്ത വർഷം അഞ്ചു ലക്ഷം ബൈക്കുകൾ വിൽക്കുകയാണു ലക്ഷ്യമെന്ന് ഉചിഡ വ്യക്തമാക്കുന്നു. 2019ൽ വിൽപ്പന 10 ലക്ഷത്തിലെത്തിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതു സാധ്യമാവണമെങ്കിൽ മനേസാറിലെ ശാലയുടെ ഉൽപ്പാദനശേഷി വർധിപ്പിക്കാനും കമ്പനി നടപടി സ്വീകരിക്കേണ്ടി വരും.