സൂപ്പർ ഹിറ്റായി ‘ഇഗ്നിസ്’

Ignis

തർപ്പൻ പ്രകടനം കാഴ്ചവച്ചു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അവതരിപ്പിച്ച പ്രീമിയം അർബൻ സിറ്റി കാറായ ‘ഇഗ്നിസ്’ മുന്നേറുന്നു. ജനുവരി മധ്യത്തിൽ അരങ്ങേറിയ ‘ഇഗ്നിസി’ന്റെ ഇതുവരയുള്ള വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടു. 12,000 പേരാണ് കാറിനായി ബുക്കിങ് നടത്തി കാത്തിരിക്കുന്നത്. ‘ഇഗ്നിസി’നുള്ള ഇ ബുക്കിങ് ജനുവരി ആദ്യ വാരമാണു മാരുതി സുസുക്കി ആരംഭിച്ചത്. ലക്ഷ്യമിടുന്നതു പുതുതലമുറയെയായതിനാൽ ബുക്കിങ്ങുകളിൽ പകുതിയിലേറെ ഓൺലൈൻ വ്യവസ്ഥയിലാവുമെന്നു കമ്പനി പ്രതീക്ഷിച്ചിരുന്നു. പ്രീമിയം ക്രോസോവറായ ‘എസ് ക്രോസി’നും പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും പിന്നാലെ നെക്സ ഷോറൂം ശൃംഖല വഴി വിൽപ്പനയ്ക്കെത്തുന്ന മൂന്നാമതു മോഡലാണ് ‘ഇഗ്നിസ്’.പെട്രോൾ, ഡീസൽ എൻജിനുകളുമായി 4.59 ലക്ഷം മുതൽ 7.80 ലക്ഷം രൂപ വരെ വിലയ്ക്കു ലഭിക്കുന്ന ‘ഇഗ്നിസി’ന്റെ മത്സരം മഹീന്ദ്ര ‘കെ യു വി 100’, ഹ്യുണ്ടേയ് ‘ഗ്രാൻഡ് ഐ 10’ തുടങ്ങിയവയോടാണ്. 

ഹരിയാനയിലെ ഗുഡ്ഗാവ് ശാലയിൽ പ്രതിമാസം 4,500 — 5,000 ‘ഇഗ്നിസ്’ ആണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദിപ്പിക്കുന്നത്. മികച്ച സ്വീകാര്യത കൈവരിച്ച കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യും ഇതേ ശാലയിൽ നിന്നാണു പുറത്തെത്തുന്നത്. അതുകൊണ്ടുതന്നെ പുതിയ ‘ഇഗ്നിസ്’ സ്വന്തമാക്കാൻ രണ്ടു മുതൽ മൂന്നു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണു നിലവിലുള്ളതെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി വിശദീകരിക്കുന്നു. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെയും ‘വിറ്റാര ബ്രേസ’യുടെയും തുടക്കത്തിലും പുതിയ വാഹനം ലഭിക്കാനുള്ള കാത്തിരിപ്പ് മൂന്നു മാസത്തോളമായിരുന്നു. എന്നാൽ ജനപ്രീതി ഉയർന്നതോടെ ഇരുവാഹനങ്ങളുടെയും മുന്തിയ വകഭേദങ്ങൾ ലഭിക്കാൻ ഒൻപതു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമായി.

Ignis

ആവശ്യം ഉയർന്നാൽ ‘ഇഗ്നിസ്’ ഉൽപ്പാദനം വർധിപ്പിക്കുമെന്നു മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അരങ്ങേറ്റം കുറിച്ച ‘ബലേനൊ ആർ എസ്’ ഉൽപ്പാദിപ്പിക്കുന്നത് മനേസാർ ശാലയിലാണ്; കഴിഞ്ഞ മാസത്തോടെ ‘ബലേനൊ’ ഉൽപ്പാദനം മനേസാറിനൊപ്പം ഗുജറാത്തിലെ പുതിയ ശാലയിലും ആരംഭിച്ചിട്ടുണ്ട്. ഇതോടെ മനേസാറിലെ സമ്മർദം കുറച്ചൊക്കെ അയഞ്ഞെന്നാണു മാരുതിയുടെ വിലയിരുത്തൽ. വൈകാതെ ‘ബലേനൊ ആർ എസ്’ ഉൽപ്പാദനവും ഗുജറാത്ത് ശാലയിലേക്കു മാറ്റുമെന്നാണ് ആർ എസ് കാൽസി നൽകുന്ന സൂചന. ‘ബലേനൊ’ ഉൽപ്പാദനം പൂർണമായി തന്നെ ഗുജറാത്തിലേക്കു മാറുന്നതോടെ മറ്റു മോഡലുകളുടെ ഉൽപ്പാദനത്തിന് ആവശ്യമായ സൗകര്യം തുറന്നു കിട്ടുമെന്ന് അദ്ദേഹം കരുതുന്നു.