ഇഗ്നിസ് ഈ വർഷം അവസാനം

പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കുമുള്ള കനത്ത ബുക്കിങ് പരിഗണിച്ചു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുതിയ ഹാച്ച്ബാക്കായ ‘ഇഗ്നിസി’ന്റെ അരങ്ങേറ്റം വൈകിക്കുന്നു. മുമ്പു നിശ്ചയിച്ചതിലും മൂന്നു മുതൽ ആറു മാസം വരെ വൈകിയാവും ‘ഇഗ്നിസ്’ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന. രാജ്യത്തെ വിപണി സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിലും ഒരു ലക്ഷത്തോളം ബുക്കിങ്ങാണ് ‘ബലേനൊ’യും ‘വിറ്റാര ബ്രേസ’യും വാരിക്കൂട്ടിയത്. ലഭ്യമായ ഉൽപ്പാദനശേഷി പൂർണമായും വിനിയോഗിച്ചാൽ മാത്രമേ വിപണിയുടെ ആവശ്യത്തിനൊത്ത് ഇരുമോഡലുകളും നിർമിച്ചു നൽകാനാവൂ എന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ദീപാവലി — നവരാത്രി ഉത്സവകാലത്ത് പുറത്തിറക്കാനിരുന്നു ‘ഇഗ്നിസ്’ അവതരണം വൈകിക്കാൻ കമ്പനി തീരുമാനിച്ചത്.

റോഡിലെ വരകൾ എന്തിന് ?

ഇക്കൊല്ലത്തെ ഉത്സവകാലം ഉപേക്ഷിച്ച് ‘ഇഗ്നിസി’നെ അടുത്ത വർഷം പുറത്തിറക്കാനാണു മാരുതി സുസുക്കിയുടെ പുതിയ പദ്ധതി. സെപ്റ്റംബർ അവസാനവാരം മുതൽ ‘ഇഗ്നിസ്’ ഉൽപ്പാദനം ആരംഭിക്കാനുള്ള മുൻതീരുമാനവും കമ്പനി മാറ്റിവച്ചിട്ടുണ്ട്; പുതിയ പദ്ധതി പ്രകാരം രണ്ടു മാസം വൈകി നവംബർ അവസാനത്തോടെ മാത്രമാവും ‘ഇഗ്നിസ്’ നിർമാണത്തിനു തുടക്കമാവുക. പുതിയ കാറുകളുടെ അവതരണത്തിനു മുന്നോടിയെന്ന നിലയിൽ അവയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം അനിവാര്യമാണ്. എന്നാൽ ലക്ഷത്തോളം പേർ ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും സ്വന്തമാക്കാൻ കാത്തിരിക്കുകയും ഉത്സവകാലം അടുത്തെത്തുകയും ചെയ്യുമ്പോൾ ‘ഇഗ്നിസി’ന്റെ പരീക്ഷണ ഉൽപ്പാദനം നടത്തി ലഭ്യമായ ശേഷി പാഴാക്കുന്നതിൽ അർഥമില്ലെന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തൽ.

വിമാനയാത്ര രാജകീയമാകും 

അതുകൊണ്ടുതന്നെ ‘ഇഗ്നിസ്’ അവതരണം മാറ്റി, നിലവിൽ ‘വിറ്റാര ബ്രേസ’യ്ക്കും ‘ബലേനൊ’യ്ക്കുമുള്ള വിപണന സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നത്.‌ ‘ഇഗ്നിസി’ൽ നിന്നു പ്രതിവർഷം 60,000 — 80,000 യൂണിറ്റിന്റെ വിൽപ്പനയാണു മാരുതി സുസുക്കി പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോൾ തന്നെ ഉൽപ്പാദനശാലകളുടെ പരമാവധി ശേഷി വിനിയോഗിച്ച സ്ഥിതിയിലായതിനാൽ ഈ മോഡലിന്റെ ആവശ്യവും യഥാസമയം നിറവേറ്റാൻ കഴിയാതെ പോകുമോ എന്നതാണു മാരുതി സുസുക്കി നേരിടുന്ന വെല്ലുവിളി.