ഇഗ്‌നിസിനു കരുത്തു കൂടിയ പെട്രോൾ എൻജിൻ

മാരുതിയ സുസുക്കി ഉടൻ പുറത്തിറക്കുന്ന വില കുറഞ്ഞ ചെറു എസ് യു വി ഇഗ്‌നിസിന് 1 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ ചാർജിഡ് പെട്രോൾ എൻജിനും. പ്രിമിയം ഹാച്ച്ബാക്കായ ബലേനോ ആർഎസിൽ ഉപയോഗിക്കുന്ന 1 ലീറ്റർ എൻജിൻ തന്നെയാണ് ഇഗ്‌നിസിലും ഉപയോഗിക്കുക. 110 ബിഎച്ച്പി കരുത്തുള്ള ഈ എൻജിൻ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുള്ള എൻജിനാകും എന്നാണു പ്രതീക്ഷിക്കുന്നത്.

നെക്സ ഡീലർഷിപ്പിലൂടെ മാരുതി പുറത്തിക്കുന്ന മൂന്നാമത്തെ വാഹനമായ ഇഗ്‌നിസ് ഉടൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ പുറത്തിറക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യോനേഷ്യയിൽ നടന്ന രാജ്യാന്തര ഓട്ടോ എക്സ്പോയിൽ സുസുക്കി ഇഗ്‌നിസിനെ പ്രദർശിപ്പിച്ചിരുന്നു. കരുത്തു കൂടിയ എൻജിൻ മാത്രമല്ല ഓൾ വീൽ ഡ്രൈവ് മോഡും ഇഗ്‌നിസിനുണ്ടാകുമെന്നാണു സൂചന. കോംപാക്ട് ക്രോസ് ഓവർ സെഗ്‍മെന്റിൽ ഓൾ വീൽ ഡ്രൈവുമായി എത്തുന്ന ആദ്യ മോഡലായിരിക്കും ഇഗ്നിസ്. ഫുൾ ടൈം ഓൾ വീൽ ഡ്രൈവ് യൂണിറ്റായിരിക്കും വാഹനത്തിൽ. നോർമൽ റോഡുകളിൽ ടൂ വീൽ മോഡിൽ പ്രവർത്തിക്കുന്ന വാഹനം അത്യാവശ്യ ഘട്ടങ്ങളിൽ ഓൾ വീൽ ഡ്രൈവ് മോഡിലേക്കു തനിയെ മാറും.

കൂടാതെ സിവിടി ഗിയർബോക്സുള്ള ഓട്ടമാറ്റിക് പതിപ്പും മാരുതി പുറത്തിറക്കും എന്ന് വാർത്തകൾ വന്നിരുന്നു. അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ്‌യുവി വിപണി പിടിക്കാനെത്തുന്ന ഇഗ്‌നിസിന് 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ, 1.2 ലീറ്റർ ഡീസൽ എൻജിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോ എക്സ്പോയിലായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിലുള്ള ഇഗ്‌നിസ് ചെറു എസ്‌യുവിയാണെങ്കിലും മസ്കുലർ രൂപത്തിനുടമയാണ്.

രാജ്യാന്തര വിപണിയിൽ 1.25 ലീറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലീറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലീറ്റർ ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്‍, ഹെഡ്‌ലാംപ്, ഉയരമുള്ള ബോണറ്റ്, കറുപ്പു തീമിലുള്ള എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ് തുടങ്ങിയവ ഇഗ്‌നിസിന്റെ പ്രത്യേകതകളാണ്.