ബലേനോ ആരാധകർക്ക് സന്തോഷ വാർത്ത

Baleno

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ എതിരാളികളെ പിന്നിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ബലേനോയ്ക്ക് വേണ്ടി ബുക്കുചെയ്ത് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. എന്നാൽ ബലേനോയ്ക്കായി കാത്തിരിക്കുന്നവർക്കൊരു സന്തോഷ വാർത്ത, ബലേനോയുടെ നിർ‌മാണം മാരുതി ഇരട്ടിയാക്കിയിരിക്കുന്നു. മാസം 12000 ബലേനോകളായിരിക്കും ഇനി മാരുതിയുടെ പ്ലാന്റിൽ നിന്ന് പുറത്തുവരിക.

Baleno

നിലവിൽ 45000 ബുക്കിങ്ങുകളാണ് ബലേനോയ്ക്കുള്ളത്. നിർമാണം ഇരട്ടിയാക്കിയതോടെ നാലു മാസത്തിനുള്ളിൽ നിലവിലെ ബുക്കിങുകൾക്ക് വാഹനം നൽകാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കൂടാതെ 2017 ൽ ഗുജറാത്തിൽ പ്രവർത്തനം ആരംഭിക്കുന്ന നിർമാണശാലയിൽ നിന്നും ബലേനോകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

Baleno

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലേയ്ക്ക് 2016 ഒക്ടോബറിലാണ് ബലേനോ എത്തിയത്. 1.2 ലീറ്റർ, വി വി ടി പെട്രോൾ, 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണു കാറിന് കരുത്തേകുന്നത്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പലകുറി മികവു തെളിയിച്ച 1.3 ലീറ്റർ ഡീസൽ എൻജിനാവട്ടെ പരമാവധി 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വൂസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ(സി വി ടി) ഗിയർബോക്സുകളാണുള്ളത്. ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രം.

Baleno

ഇന്ത്യയിൽ ഹ്യൂണ്ടെയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്‌വാഗൻ ‘പോളോ’ തുടങ്ങിയവരോട് ഏറ്റുമുട്ടുന്ന കാറിനു കൊച്ചി ഷോറൂമിൽ 6.40 ലക്ഷം രൂപ മുതലാണു വില. ഡീസൽ എൻജിനു ലീറ്ററിന് 27.39 കിലോമീറ്ററും പെട്രോൾ എൻജിന്‍ ലീറ്ററിന് 21.4 കിലോമീറ്ററുമാണ് മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എൽ ഇ ഡി സഹിതമുള്ള റിയർ കോംബിനേഷൻ ലാംപ്, ബോഡി കളേഡ് ഡോർ ഹാൻഡിൽ, ഔട്ടർ റിയർവ്യൂ മിറർ, ബംപർ, ഇ ബി ഡിയും എ ബി എസും, ഇരട്ട എയർബാഗ്, മുൻ സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം എന്നിവയൊക്കെ ‘ബലേനൊ’യുടെ വിവിധ വകഭേദങ്ങളിൽ ലഭ്യമാണ്.