മാരുതിയുടെ ആദ്യ ‘നെക്സ’ ഷോറൂം ഡൽഹിയിൽ

വിലയേറിയ കാറുകളുടെ വിൽപ്പനയ്ക്കായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) തുറക്കുന്ന ഡീലർഷിപ്പുകളിൽ ആദ്യത്തേത് ന്യൂഡൽഹിക്കടുത്ത് ദ്വാരകയിൽ പ്രവർത്തനം തുടങ്ങി. ബജറ്റ് കാർ നിർമാതാക്കളെന്ന പേരുദോഷം തൂത്തെറിയാൻ ലക്ഷ്യമിട്ടു തുടങ്ങുന്ന ഈ പുത്തൻ ഡീലർഷിപ്പുകൾക്ക് ‘നെക്സ’ എന്നാണു പേര്. തുടക്കത്തിൽ പ്രീമിയം സെഡാനായ ‘സിയാസ്’ മാത്രമാണു ‘നെക്സ’യിൽ വിൽപ്പനയ്ക്കുള്ളത്. ക്രമേണ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽപെട്ട രണ്ടു മോഡലുകളും(ക്രോസ് ഓവറായ എസ് ക്രോസും വൈ ബി എ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന മോഡലും) ‘വൈ ആർ എ’ എന്ന കോഡ് നാമമുള്ള പ്രീമിയം ഹാച്ച്ബാക്കുമൊക്കെ ‘നെക്സ’യിൽ വിൽപ്പനയ്ക്കെത്തും. അടുത്ത വർഷത്തിനകം ഇത്തരത്തിൽപെട്ട 30 — 35 പുതിയ ഷോറൂമുകൾ സ്ഥാപിക്കാനാണു കമ്പനിയുടെ പദ്ധതി.

വിലയേറിയ കാറുകൾ വാങ്ങാനെത്തുന്നവർക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനൊപ്പം കമ്പനിയുടെ ബ്രാൻഡ് പ്രതിച്ഛായ ഉയർത്താൻ കൂടി ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘നെക്സ’ ഡീലർഷിപ്പുകൾ പരീക്ഷിക്കുന്നത്. അഞ്ചു വർഷത്തിനുള്ള വാർഷിക കാർ വിൽപ്പന 20 ലക്ഷം യൂണിറ്റായി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് ഈ നടപടിയെന്നാണു സൂചന.

ഇന്ത്യൻ കാർ വിപണിയിൽ ശക്തമായ സാന്നിധ്യവും സ്വാധീനവുമുണ്ടെങ്കിലും പ്രീമിയം വിഭാഗത്തിൽ അർഹിക്കുന്ന ഇടം സ്വന്തമാക്കാൻ മാരുതി സുസുക്കിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണു യാഥാർഥ്യം. വിൽപ്പന ക്രമാതീതമായി ഇടിഞ്ഞതോടെ പ്രീമിയം സെഡാനായ ‘കിസാഷി’യെ ഇന്ത്യയിൽ നിന്നു പിൻവലിക്കാനും കമ്പനി നിർബന്ധിതരായി. പ്രീമിയം എസ് യു വിയായി അവതരിപ്പിച്ച ‘ഗ്രാൻഡ് വിറ്റാര’യ്ക്കും കാര്യമായ നേട്ടം കൊയ്യാനാവാതെ പോയി. എങ്കിലും ലാഭക്ഷമതയേറിയ പ്രീമിയം വിഭാഗത്തിൽ വീണ്ടും ഭാഗ്യം പരീക്ഷിക്കാനാണു മാരുതി സുസുക്കിയുടെ നീക്കം. ഇതിന്റെ ഭാഗമായാണു രാജ്യത്തെ പ്രധാന നഗരങ്ങളിൽ മാരുതി സുസുക്കി ‘നെക്സ’ ഡീലർഷിപ്പുകൾ തുറക്കാൻ ഒരുങ്ങുന്നതും.

‘നെക്സ’ ഷോറൂമുകൾക്കായി നിലവിലുള്ള ഡീലർമാർക്കു പുറമെ പുതിയ പങ്കാളികളെയും കമ്പനി പരിഗണിക്കുമെന്നാണു സൂചന. ആദ്യ വർഷം തന്നെ ‘നെക്സ’ വിഭാഗത്തിൽ 35 ഡീലർഷിപ്പുകളെങ്കിലും തുറക്കാനാണു മാരുതി സുസുക്കിയുടെ ശ്രമം; ഡൽഹിക്കു പിന്നാലെ മുംബൈ, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ ഇത്തരം ഡീലർഷിപ്പുകൾ പ്രവർത്തനമാരംഭിക്കും. നിലവിലുള്ള മോഡലുകളിൽ ‘സിയാസും’ ഭാവിൽ നിരത്തിലെത്തുന്ന, 10 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന വാഹനങ്ങളുമാവും ‘നെക്സ’ ഡീലർഷിപ്പുകളിൽ ഇടംപിടിക്കുക.