അറ്റകുറ്റപ്പണി കഴിഞ്ഞു മാരുതി സുസുക്കി പ്ലാന്റ് തുറന്നു

വേനൽക്കാലത്തെ പതിവ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്ലാന്റുകളിൽ ഉൽപ്പാദനം പുനഃരാരംഭിച്ചു. കഴിഞ്ഞ ആറു മുതൽ 11 വരെയാണു വാർഷിക അറ്റകുറ്റപ്പണിക്കായി മാരുതി സുസുക്കി ഹരിയാനയിലെ ഗുഡ്ഗാവിലും മനേസാറിലുമുള്ള ശാലകൾ അടച്ചിട്ടത്. പ്രധാന സപ്ലയർമാരിൽപെട്ട സുബ്രോസ് ലിമിറ്റഡിന്റെ മനേസാർ ശാലയിൽ മേയ് 29നുണ്ടായ അഗ്നിബാധ പരിഗണിച്ചാണു മാരുതി സുസുക്കി പ്ലാന്റുകളുടെ അറ്റകുറ്റപ്പണി മുമ്പു നിശ്ചയിച്ചതിലും നേരത്തെ ആരംഭിച്ചത്. നേരത്തെ ജൂൺ 27 മുതൽ ജൂലൈ രണ്ടു വരെ പ്ലാന്റ് അടച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വാർഷിക അറ്റകുറ്റപ്പണിയാണു കമ്പനി നേരത്തെയാക്കിയത്. പ്രതിദിനം 5,000 യൂണിറ്റാണ് ഇരു ശാലകളിലുമായി മാരുതി സുസുക്കി ഉൽപ്പാദിപ്പിക്കുന്നത്; ഗുഡ്ഗാവ്, മനേസാർ ശാലകളിലായി 15 ലക്ഷത്തോളം യൂണിറ്റാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി.
ഉൽപ്പാദനം പുനഃരാരംഭിച്ച ആദ്യ നാളിൽ ശേഷിയുടെ 90 ശതമാനത്തോളം കൈവരിക്കാൻ കഴിഞ്ഞെന്നാണു കമ്പനിയുടെ പ്രതീക്ഷ. അറ്റകുറ്റപ്പണിക്കു ശേഷം ശാലയുടെ പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ ചില്ലറ പ്രശ്നങ്ങൾ സ്വാഭാവികമാണെന്നും മാരുതി സുസുക്കി വക്താവ് വെളിപ്പെടുത്തി. എന്നാൽ ഏതാനും ദിവസത്തിനകം പൂർണതോതിലുള്ള ഉൽപ്പാദനം സാധ്യമാവുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.

അറ്റകുറ്റപ്പണി സൃഷ്ടിച്ച ഇടവേള പ്രയോജനപ്പെടുത്തി സുബ്രോസ് നൽകുന്ന എ സി കിറ്റുകളുടെ കരുതൽ ശേഖരം മാരുതി സുസുക്കി തയാറാക്കിയിട്ടുണ്ടെന്നാണു സൂചന. മാത്രമല്ല, മാരുതി സുസുക്കിയുടെ ആവശ്യം നിറവേറ്റാൻ കമ്പനി സജ്ജമാണെന്നു സുബ്രോസ് ലിമിറ്റഡ് ചെയർമാൻ രമേഷ് സൂരിയും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ നോയ്ഡയിലെ ശാല മൂന്നു ഷിഫ്റ്റും പ്രവർത്തിക്കുന്നുണ്ട്. ഒപ്പം അഗ്നിബാധയുണ്ടായ മനേസാർ ശാലകളുടെ പ്രവർത്തനം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളും അതിവേഗം പുരോഗമിക്കുന്നുണ്ടെന്നു സൂരി വിശദീകരിച്ചു. വാണിജ്യ പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്ന മോൾഡിങ് യന്ത്രം പൊട്ടിത്തെറിച്ചതാണു മനേസാറിലെ സുബ്രോസ് ശാലയിൽ അഗ്നിബാധയ്ക്കു വഴി തെളിച്ചത്. മാരുതി സുസുക്കിക്കു പുറമെ മറ്റു നിർമാതാക്കൾക്കും എ സി കിറ്റുകൾ ലഭ്യമാക്കാനായി രണ്ടു ശാലകളാണു സുബ്രോസിനു മനേസാറിലുള്ളത്. ഇതിനു പുറമെ നോയ്ഡയിൽ രണ്ടു ശാലകളും ചെന്നൈയിലും സാനന്ദിലും ഓരോ ശാലയും സുബ്രോസിനുണ്ട്. മൊത്തം 15 ലക്ഷം എ സി കിറ്റുകളാണു കമ്പനിയുടെ വാർഷിക ഉൽപ്പാദനശേഷി.

സുബ്രോസ് ലിമിറ്റഡിലെ അഗ്നിബാധയുടെ ഫലമായി ഹരിയാനയിലെ മനേസാറിലുള്ള രണ്ടു ശാലകളിലായി നാലു ഷിഫ്റ്റിലെ ഉൽപ്പാദനമാണു മാരുതി സുസുക്കിക്കു നഷ്ടമായത്. ഓരോ ഷിഫ്റ്റിലും 2,500 കാറുകളാണു മാരുതി ഉൽപ്പാദിപ്പിക്കുന്നത്; ഇതോടെ സുബ്രോസ് അഗ്നിബാധയുടെ ഫലമായി ജൂൺ അഞ്ചു വരെ കമ്പനിക്കുള്ള മൊത്തം ഉൽപ്പാദനനഷ്ടം 25,000 യൂണിറ്റോളമാണ്. സുബ്രോസ് ലിമിറ്റഡിൽ തലേന്നുണ്ടായ കനത്ത അഗ്നിബാധയുടെ ഫലമായി മേയ് 30ലെ രണ്ടാം ഷിഫ്റ്റ് മുതലാണ് മാരുതി സുസുക്കി കാർ ഉൽപ്പാദനം നിർത്തിവയ്ക്കാൻ നിർബന്ധിതരായത്. പിന്നാലെ ജൂൺ ആറു മുതൽ വാർഷിക അറ്റകുറ്റപ്പണി കൂടി ഏറ്റെടുത്തതോടെ മാരുതി സുസുക്കിക്ക് 33,000 യൂണിറ്റിന്റെ ഉൽപ്പാദന നഷ്ടം കൂടി നേരിട്ടിട്ടുണ്ട്. അതിനിടെ മാരുതി സുസുക്കിയുടെ പുതിയ മോഡലുകളായ ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും ലഭിക്കാനുള്ള കാത്തിരിപ്പ് ഇതോടെ നീണ്ടിട്ടുണ്ട്. ഇരു മോഡലുകളുടെയും ചില വകഭേദങ്ങൾ ലഭിക്കാൻ ആറു മുതൽ എട്ടു മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണത്രെ.