ഡീസൽ എൻജിൻ കരുത്തോടെ ‘എസ് ക്രോസ്’

Maruti Suzuki S-Cross

വിപണന സാധ്യതയേറിയ ക്രോസ് ഓവർ വിഭാഗം ലക്ഷ്യമിട്ടു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കുന്ന ‘എസ് ക്രോസി’ന്റെ വരവ് ഫിയറ്റിൽ നിന്നു കടമെടുത്ത സാങ്കേതികവിദ്യയുടെ പിൻബലമുള്ള രണ്ടു ഡീസൽ എൻജിൻ സാധ്യതകളോടെ. മാരുതി സുസുക്കി ശ്രേണിയിലെ മിക്ക ഡീസൽ മോഡലുകൾക്കും കരുത്തേകുന്ന 1.3 ലീറ്റർ, മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് ‘എസ് ക്രോസി’ന്റെ ‘200 ഡി ഡി ഐ എസ്’ വകഭേദത്തിലുണ്ടാവുക; 89 ബി എച്ച് പി വരെ കരുത്തും 200 എൻ എം വരെ ടോർക്കുമാവും ഈ എൻജിൻ സൃഷ്ടിക്കുക.

ഇതിനു പുറമെ 1.6 ലീറ്റർ ഡീസൽ എൻജിന്റെ കരുത്തോടെയും ‘എസ് ക്രോസ്’ എത്തുന്നുണ്ട്. ‘320 ഡി ഡി ഐ എസ്’ എന്നു പേരിട്ട വകഭേദത്തിനു കരുത്തേകാൻ വേരിയബിൾ ജ്യോമട്രി ടർബോ ചാർജറിന്റെ പിൻബലമുള്ള പുത്തൻ ഡീസൽ എൻജിനാണ്. 118 ബി എച്ച് പി വരെ കരുത്തും 320 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

കരുത്തേറിയ ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ എൻജിനു 11.3 സെക്കൻഡ് മതിയെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. പോരെങ്കിൽ 1.6 ലീറ്റർ ഡീസൽ എൻജിനു ലീറ്ററിന് 22.7 കിലോമീറ്റർ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

അതേസമയം അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുമായെത്തുന്ന 1.3 ലീറ്റർ ഡീസൽ എൻജിന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 13.2 സെക്കൻഡ് വേണ്ടി വരും. ഈ എൻജിന് ലീറ്ററിന് 23.65 കിലോമീറ്ററാണ് മാരുതി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. തുടക്കത്തിൽ ‘എസ് ക്രോസി’ൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനോ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോ പ്രതീക്ഷിക്കേണ്ടെന്നാണു നിർമാതാക്കൾ നൽകുന്ന സൂചന.

ദൃഢമായ നിർമാണസാമഗ്രികൾ ഉപയോഗിച്ചിരിക്കുന്ന ‘എസ് ക്രോസി’നെ സുരക്ഷിതമാക്കാൻ മാരുതി സുസുക്കി മോഡൽഭേദമില്ലാതെ ഇരട്ട എയർബാഗും എല്ലാ വീലിലും എ ബി എസ് സഹിതമുള്ള ഡിസ്ക് ബ്രേക്കുമൊക്കെ ഘടിപ്പിച്ചിട്ടുണ്ട്. ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, പ്രൊജക്ടർ ഇല്യൂമിനേഷനുള്ള ഓട്ടമാറ്റിക് ഹെഡ്ലാംപ്, ക്ലൈമറ്റ് കൺട്രോൾ, 16 ഇഞ്ച് അലോയ് വീൽ, നാവിഗേഷൻ — ബ്ലൂടൂത്ത് സൗകര്യങ്ങളോടെ ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ ടി എഫ് ടി സ്ക്രീൻ എന്നിവയും ‘എസ് ക്രോസി’ലുണ്ട്.

അർബൻ ബ്ലൂ, കഫീൻ ബ്രൗൺ, ഗ്രാനൈറ്റ് ഗ്രേ, പ്രീമിയം സിൽവർ, പേൾ ആർട്ടിക് വൈറ്റ് നിറങ്ങളിലാണ് ‘എസ് ക്രോസ്’ നിരത്തിലുണ്ടാവുക. മാരുതി സുസുക്കി തുറന്ന പ്രീമിയം ഡീലർഷിപ്പായ നെക്സയിലടക്കം എട്ടു വകഭേദങ്ങളിൽ ‘എസ് ക്രോസ്’ വിൽപ്പനയ്ക്കെത്തും: 1.3 എൽ സിഗ്മ, 1.3 എൽ സിഗ്മ(ഒ), 1.3 എൽ ഡെൽറ്റ, 1.3 എൽ സീറ്റ, 1.3 എൽ ആൽഫ, 1.6 എൽ ഡെൽറ്റ, 1.6 എൽ സീറ്റ, 1.6 എൽ ആൽഫ. മിക്കവാറും എട്ടു ലക്ഷം രൂപ മുതലാവും ‘എസ് ക്രോസി’ന്റെ വകഭേദങ്ങളുടെ വിലയെന്നാണു വിലയിരുത്തൽ.