Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജപ്പാനിലെ വിവാദം ഇന്ത്യയെ ബാധിക്കില്ലെന്നു മാരുതി സുസുക്കി

Maruti Suzuki

ഇന്ധനക്ഷമതയും മലിനീകരണ നിയന്ത്രണ നിലവാരവും നിർണയിക്കാൻ മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷൻ തെറ്റായ രീതികൾ പിന്തുടർന്നത് ഇന്ത്യയിലെ പ്രവർത്തനത്തെ ബാധിക്കില്ലെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഇന്ത്യയിൽ പ്രാബല്യത്തിലുള്ള പരിശോധനാ രീതികൾ വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ ജപ്പാനിൽ സംഭവിച്ച പിഴവുകൾ ഇവിടെ ബാധകമാവില്ലെന്നുമാണു കമ്പനിയുടെ നിലപാട്.

ഇന്ധനക്ഷമത നിർണയിക്കാൻ ഇന്ത്യ പിന്തുടരുന്ന രീതി ജപ്പാനിലേതിൽ നിന്നു തീർത്തും വ്യത്യസ്തമാണ്. റോഡ് സാഹചര്യങ്ങളിലെ ഇന്ധനക്ഷമത നിർണയിക്കാൻ സർക്കാർ അംഗീകൃത ഏജൻസികളായ എ ആർ എ ഐ, ഐ സി എ ടി, വി ആർ ഡി ഇ തുടങ്ങിയവരാണു പരിശോധന നടത്തുന്നത്. ഇതേ ഏജൻസികൾ തന്നൊണ് ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ പരിശോധനയും നടത്തുന്നതെന്നു മാരുതി സുസുക്കി വ്യക്തമാക്കി. പോരെങ്കിൽ മലിനീകരണ നിയന്ത്രണ നിലവാര പരിശോധനയ്ക്കൊപ്പം ഈ ഏജൻസികൾ വാഹനങ്ങളുടെ ഇന്ധനക്ഷമതയും പരിശോധിക്കാറുണ്ട്. ഈ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണു മാരുതി സുസുക്കി വിവിധ മോഡലുകളുടെ ഇന്ധനക്ഷമത പ്രസിദ്ധീകരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ നിലവാര, ഇന്ധനക്ഷമതാ പരിശോധനകൾക്കായി ജപ്പാനിലെ മിനിസ്ട്രി ഓഫ് ലാൻഡ് ഇൻഫ്രാസ്ട്രക്ചർ, ട്രാൻസ്പോർട് ആൻഡ് ടൂറിസം നിർദേശിച്ച രീതിയും സുസുക്കി പന്തുടർന്ന രീതിയുമായി വ്യതിയാനമുണ്ടെന്ന് ബുധനാഴ്ചയാണു സുസുക്കി മോട്ടോർ കോർപറേഷൻ സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലുള്ള 16 മോഡലുകളുടെ പരിശോധനാഫലങ്ങളിൽ വ്യതിയാനം സംഭവിച്ചതിൽ സുസുക്കി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. അതേസമയം, ജപ്പാനു പുറത്തു സുസുക്കി വിൽക്കുന്ന വാഹനങ്ങളിൽ ഈ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.


പരിശോധനാ രീതിയിൽ വ്യതിയാനം നേരിട്ടെങ്കിലും വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ നിലവാരം സുരക്ഷിത തലത്തിലാണെന്നും സുസുക്കി ഉറപ്പു നൽകിയിരുന്നു. അതുകൊണ്ടുതന്നെ സംഭവിച്ച വീഴ്ചകൾ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നില്ലെന്നും കമ്പനി കരുതുന്നു.  

Your Rating: