‘സ്വിഫ്റ്റി’നു ‘ഗ്ലോറി എഡീഷനു’മായി മാരുതി സുസുക്കി

Maruti Suzuki Swift Glory Edition

നവരാത്രി, ദീപാവലി ഉത്സവകാലത്ത് ഉപയോക്താക്കളെ വശീകരിക്കാൻ കാർ നിർമാതാക്കൾ തീവ്രശ്രമം തുടങ്ങി. സമ്മാനങ്ങൾക്കും ഉത്സവകാല ആനുകൂല്യങ്ങൾക്കും ഇളവുകൾക്കുമൊപ്പം പുത്തൻ മോഡൽ അവതരണങ്ങൾക്കു പുറമെ നിലവിലുള്ള വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളും പരിമിതകാല പതിപ്പുകളുമൊക്കെ അവതരിപ്പിച്ചാണു വിവിധ നിർമാതാക്കൾ വിപണി പിടിക്കാൻ ഒരുങ്ങുന്നത്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജനപ്രിയ മോഡലായ ‘സ്വിഫ്റ്റി’നാണു പരിമിതകാല പതിപ്പ് അവതരിപ്പിക്കുന്നത്. ചുവപ്പിന്റെയും കറുപ്പിന്റെയും ചന്തവും റേസിങ് സ്ട്രൈപ്പിന്റെ പകിട്ടുമൊക്കെയായി കാഴ്ചയിലെ പുതുമകളും പരിഷ്കാരങ്ങളുമായി ഉത്സവാഘോഷവേളയിലെത്തുന്ന കാറിന് ‘ഗ്ലോറി എഡീഷൻ’ എന്നാണു പേര്.

പുറത്ത് ചുവപ്പിൽ തീർത്ത സൈഡ് സ്കെർട്ടുകൾക്കും ബംപർ എക്സ്റ്റൻഷനുമൊപ്പം കറുപ്പ് നിറത്തിലുള്ള ‘സി പില്ലറും’ കാറിലുണ്ട്. ചുവപ്പ് നിറമടിച്ച മുകൾ ഭാഗവും മിറർ ക്യാപ്പും പുത്തൻ റിയർ സ്പോയ്​ലറുമുള്ള ‘ഗ്ലോറി എഡീഷനി’ൽ ബോണറ്റിലും റൂഫിലും പാർശ്വത്തിലുമൊക്കെ റേസിങ് സ്ട്രൈപ്പുകളും ഇടംപിടിക്കുന്നു. ചുവപ്പും കറുപ്പും സംഗമിക്കുന്ന ഇരട്ടവർണ അപ്ഹോൾസ്ട്രിയാണ് കാറിന്റെ അകത്തളത്തിലുമുള്ളത്; സ്റ്റീയറിങ് വീലിനും ഗീയർ കവറിനുമൊക്കെ ഇതേ നിറക്കൂട്ടാണ്. പുത്തൻ ഫ്ളോർ മാറ്റുകൾക്കൊപ്പം ബ്ലൂടൂത്ത് സംവിധാനമുള്ള മ്യൂസിക് സിസ്റ്റവും കാറിലുണ്ട്. റിയർവ്യൂ കാമറ സഹിതമുള്ള റിവേഴ്സ് പാർക്കിങ് അസിസ്റ്റും ‘ഗ്ലോറി എഡീഷനി’ൽ വാഗ്ദാനമുണ്ട്.

നിലവിലുള്ള ‘വി എക്സ് ഐ’, ‘വി ഡി ഐ’ വകഭേദങ്ങളാണു ‘ഗ്ലോറി എഡീഷൻ’ ആയി രൂപാന്തരപ്പെടുത്തുന്നത്. സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയെത്തുന്ന ‘സ്വിഫ്റ്റ് ഗ്ലോറി എഡീഷ’ന്റെ വിലയെപ്പറ്റി സൂചനയൊന്നുമില്ല.