പുതിയ കാറുകളുമായി മാരുതി

Brezza

അടുത്ത സാമ്പത്തിക വർഷം നാലു പുതിയ മോഡലുകൾ അവതരിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. മുൻവർഷങ്ങളിൽ രണ്ടു പുതിയ മോഡലുകൾ വീതമാണു മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നത്. 2020നകം 15 പുതിയ മോഡലുകൾ പുറത്തിറക്കുമെന്നു കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി ഓർമിപ്പിച്ചു.

ഇതിൽ എട്ടെണ്ണം ഇതുവരെ നിരത്തിലെത്തിയിട്ടുണ്ട്. നാലെണ്ണം കൂടി അടുത്ത ഏപ്രിൽ — മാർച്ച് കാലത്തിനിടെ പുറത്തത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിൽ രണ്ടെണ്ണം പുതിയ മോഡലുകളും ബാക്കി പരിഷ്കരിച്ച പതിപ്പുകളുമാവുമെന്ന് കാൽസി വ്യക്തമാക്കി.അതിനിടെ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ മൂന്നാംതലമുറ മോഡൽ കമ്പനി ജനീവ മോട്ടോർ ഷോയിൽ അനാവരണം ചെയ്തു. അടുത്ത വർഷം ഈ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. കൂടാതെ പ്രീമിയം ക്രോസോവറായ ‘എസ് ക്രോസി’ന്റെ പരിഷ്കരിച്ച പതിപ്പും ഇക്കൊല്ലം തന്നെ വിൽപ്പനയ്ക്കെത്തിക്കാൻ മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്. 

ഇന്ത്യൻ വാഹന വിപണിയിലെ വിൽപ്പന വളർച്ചയെ വെല്ലുന്ന പ്രകടനം ആവർത്തിക്കാൻ ഈ സാമ്പത്തിക വർഷവും മാരുതി സുസുക്കിക്കു സാധിക്കുമെന്ന് കാൽസി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി മികച്ച വളർച്ച കൈവരിച്ചാണു കമ്പനി മുന്നേറുന്നത്; അടുത്ത വർഷവും 10 ശതമാനത്തിലേറെ വളർച്ച ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് 13 ലക്ഷത്തോളം യൂണിറ്റാണു കമ്പനി കൈവരിച്ച വിൽപ്പന. വിപണി വിഹിതം ഇപ്പോഴത്തെ 47 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലെത്തിക്കുന്നതിലുപരി വ്യവസായത്തെ വെല്ലുന്ന വിൽപ്പന വളർച്ച കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.