അര ലക്ഷം പിന്നിട്ടു ‘വിറ്റാര ബ്രെസ’ വിൽപ്പന

സബ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘വിറ്റാര ബ്രെസ’യുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന അര ലക്ഷം യൂണിറ്റ് പിന്നിട്ടതായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). കഴിഞ്ഞ മാർച്ചിൽ നിരത്തിലെത്തിയ ‘വിറ്റാര ബ്രെസ’യ്ക്ക് ഇന്ത്യയിൽ നിന്നു തന്നെ ഇതുവരെ ഒരു ലക്ഷത്തോളം ബുക്കിങ്ങുകളും ലഭിച്ചിട്ടുണ്ട്. പോരെങ്കിൽ നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള എസ് യു വികൾക്കൊപ്പമാണ് ‘വിറ്റാര ബ്രെസ’യുടെ സ്ഥാനം. അതുകൊണ്ടുതന്നെ അരങ്ങേറ്റം കഴിഞ്ഞ് വെറും ഏഴു മാസത്തിനകം ‘വിറ്റാര ബ്രെസ’യുടെ വിൽപ്പന അര ലക്ഷം പിന്നിട്ടത് വിപണിയിൽ കാര്യമായ അത്ഭുതവും സൃഷ്ടിക്കുന്നില്ല.

പക്ഷേ പ്രതീക്ഷിച്ചതിലേറെ വിൽപ്പന നേടാനായത് ‘വിറ്റാര ബ്രെസ’ ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശയും സമ്മാനിക്കുന്നുണ്ട്. ‘വിറ്റാര ബ്രെസ’യുടെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ ഇപ്പോൾ നാലും ഞ്ചും മാസമാണു കാത്തിരിക്കേണ്ടത്. ‘വിറ്റാര ബ്രെസ’യുടെ ഇരട്ട വർണ സങ്കലനമുള്ള മുന്തിയ വകഭേദമായ ‘സെഡ് ഡി ഐ പ്ലസ്’ വകഭേദത്തിനാണു ബുക്കിങ്ങുകൾ ഏറെയുമെന്നു മാരുതി സുസുക്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘വിറ്റാര ബ്രെസ’യ്ക്കു ലഭിച്ച ഒരു ലക്ഷത്തോളം ബുക്കിങ്ങിൽ പകുതിയോളം മാത്രമാണു മാരുതി സുസുക്കിക്കു കൈമാറാനായതെന്നാണു കണക്ക്; അവശേഷിക്കുന്ന അര ലക്ഷത്തോളം പേർ ഇപ്പോഴും എസ് യു വിക്കായി അഡ്വാൻസ് നൽകി കാത്തിരിക്കുകയാണ്.

പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു കഴിഞ്ഞ ദിവസാണു മാരുതി സുസുക്കി പ്രഖ്യാപിച്ചത്. അപ്പോഴും വിപണിയുടെ ആവശ്യത്തിനൊത്ത് ഈ കാർ നിർമിച്ചു നൽകാനാവാത്തതിന്റെ നിരാശ കമ്പനി പങ്കുവച്ചിരുന്നു. ഉന്നത ഗുണനിലവാരം നിലനിർത്തി തന്നെ പരമാവധി ഉൽപ്പാദനക്ഷമത കൈവരിക്കാൻ തീവ്രശ്രമം നടത്തുന്നുണ്ടെന്നായിരുന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസിയുടെ വിശദീകരണം. ഒപ്പം ഗുജറാത്തിലെ ഹൻസാൽപൂരിൽ സ്ഥാപിക്കുന്ന പുതിയ പ്ലാന്റിൽ നിന്ന് അടുത്ത വർഷം ആദ്യം മുതൽ ‘ബലേനൊ’യുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

ഇതോടെ ഗുഡ്ഗാവിലും മനേസാറിലുമുള്ള ശാലകളുടെ സമ്മർദം കുറയ്ക്കാനും ‘ബലേനൊ’യുടെയും ‘വിറ്റാര ബ്രേസ’യുടെയും ലഭ്യത മെച്ചപ്പെടുത്താനും കഴിയുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. നാലു മീറ്റർ താഴെ നീളവുമായി മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ എസ് യു വിയാണു ‘വിറ്റാര ബ്രെസ’. 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനാണ് എസ് യു വിക്കു കരുത്തേകുന്നത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. വൈകാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സഹിതവും ‘വിറ്റാര ബ്രെസ’ വിൽപ്പനയ്ക്കെത്തിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്.