ഉത്സവകാല വിൽപ്പനയിൽ 10,000 പിന്നിട്ട് ‘വിറ്റാര ബ്രേസ’

Vitara Brezza

ഉത്സവകാലത്തിന്റെ പിൻബലത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’ ഒക്ടോബറിൽ തകർപ്പൻ വിൽപ്പന നേടി. നവരാത്രി, ദീപാവലി ആഘോഷങ്ങൾ തുണച്ചതോടെ 10,056 ‘വിറ്റാര ബ്രേസ’യാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്. 2016 മാർച്ചിൽ വിപണിയിലെത്തിയ ‘വിറ്റാര ബ്രേസ’യുടെ പ്രതിമാസ വിൽപ്പന 10,000 പിന്നിടുന്നത് ഇതു രണ്ടാം തവണയാണ്; കഴിഞ്ഞ ജൂലൈയിൽ 10,232 യൂണിറ്റിന്റെ വിൽപ്പന നേടാൻ ‘വിറ്റാര ബ്രേസ’യ്ക്കു കഴിഞ്ഞിരുന്നു. ഇതോടെ മാരുതി സുസുക്കി ശ്രേണിയിൽ മാത്രമല്ല, നവംബറിൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടിയ ആദ്യ 10 കാറുകൾക്കൊപ്പവും ഇടം പിടിക്കാൻ ‘വിറ്റാര ബ്രേസ’യ്ക്കായി.

ഒക്ടോബറിനുള്ളിൽ തന്നെ ‘വിറ്റാര ബ്രേസ’യുടെ മൊത്തം വിൽപ്പന 60,000 യൂണിറ്റ് പിന്നിട്ടിരുന്നു. ഇതോടെ വർഷാവസാനമാകുമ്പോഴേക്ക് ഈ മോഡൽ വിൽപ്പനയിൽ ആദ്യ ലക്ഷം തികയ്ക്കുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഉൽപ്പാദനത്തിലെ പരിമിതികൾ മൂലം വിപണിയുടെ ആവശ്യത്തിനൊത്ത് ‘വിറ്റാര ബ്രേസ’ നിർമിക്കാൻ കഴിയുന്നില്ല എന്നതു മാത്രമാണു മാരുതി സുസുക്കി നേരിടുന്ന വെല്ലുവിളി. ആവശ്യക്കാരേറിയതോടെ ‘വിറ്റാര ബ്രേസ’യുടെ ചില വകഭേദങ്ങൾ ലഭിക്കാൻ ആറു മുതൽ 10 മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണു നിലവിലുള്ളത്.

അതുകൊണ്ടുതന്നെ മറ്റു ചില മോഡലുകളുടെ ഉൽപ്പാദനം പുനഃക്രമീകരിച്ച് കൂടുതൽ ‘വിറ്റാര ബ്രേസ’ നിർമിക്കാനുള്ള ശ്രമത്തിലാണു കമ്പനി ഇപ്പോൾ. നാലു മീറ്ററിൽ താഴെ നീളമുള്ള സബ് കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലാണു ‘വിറ്റാര ബ്രേസ’. വാഹനത്തിലെ 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനു പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ‘വിറ്റാര ബ്രേസ’യുടെ ട്രാൻസ്മിഷൻ.