മാരുതി സുസുക്കിയിലും ഇനി ആഴ്ചയിൽ 5 പ്രവൃത്തിദിനം

കേന്ദ്ര സർക്കാർ ഓഫിസ് മാതൃകയിൽ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ജീവനക്കാർക്കും ഇനി ആഴ്ചയിൽ അഞ്ചു പ്രവൃത്തി ദിനം മാത്രമാണ്. ഏപ്രിൽ ഒന്നു മുതൽ ഞായറാഴ്ചയ്ക്കു പുറമെ ശനിയാഴ്ച കൂടി ജീവനക്കാർക്ക് അവധി അനുവദിക്കുമെന്നു കമ്പനി പ്രഖ്യാപിച്ചു. അതേസമയം കാർ നിർമാണവുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് ഈ പരിഷ്കാരം ബാധകമല്ല. അഡ്മിനിസ്ട്രേഷൻ, സപ്ലൈ, മാർക്കറ്റിങ്, എൻജിനീയറിങ് വിഭാഗം ജീവനക്കാരാണ് അടുത്ത മാസം മുതൽ ആഴ്ചയിൽ അഞ്ചു ദിവസം പ്രവർത്തിക്കുക. ശനിയാഴ്ച അവധി അനുവദിച്ചതിനു പകരമായി മറ്റു പ്രവൃത്തി ദിനങ്ങളിലെ ജോലി സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുമുണ്ട്. ഇതോടെ തിങ്കൾ മുതൽ വെള്ളി വരെ ഒൻപതു മണിക്കൂറാവും ഈ വിഭാഗങ്ങളിലെ ജീവനക്കാരുടെ പ്രവൃത്തി സമയം. ഹരിയാനയിലെ ഗുഡ്ഗാവിലും മനേസാറിലുമുള്ള കാർ നിർമാണശാലകളിൽ ഏപ്രിൽ ഒന്നു മുതൽ പരിഷ്കാരം പ്രാബല്യത്തിലെത്തും. ഹരിയാനയിലെ റോത്തക്കിലുള്ള ഗവേഷണ, വികസന വിഭാഗത്തിന് ഇപ്പോൾ തന്നെ ആഴ്ചയിൽ അഞ്ചു പ്രവൃത്തി ദിനങ്ങളാണുള്ളത്.

ജീവനക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ആഴ്ചയിലെ പ്രവൃത്തി ദിനം അഞ്ചാക്കി കുറച്ചതെന്ന് എം എസ് ഐ എൽ വിശദീകരിച്ചു. പ്രവൃത്തി സമയം അധികമായതിനാൽ പുതിയ ജീവനക്കാർ കമ്പനി വിടുന്നതിനാലാണു പരിഷ്കാരം നടപ്പാക്കിയതെന്ന വാദം ശരിയല്ലെന്നും എം എസ് ഐ എൽ വ്യക്തമാക്കി. എതിരാളികളെ അപേക്ഷിച്ച് പുതിയ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് മാരുതിയിൽ കുറവാണെന്നും കമ്പനി അവകാശപ്പെട്ടു. മറ്റു സ്ഥാപനങ്ങളിൽ എട്ടു ശതമാനം ജീവനക്കാർ രാജിവച്ചൊഴിയുമ്പോൾ മാരുതിയിൽ ഇത് ഒരു ശതമാനത്തിലും കുറവാണത്രെ. ശനിയാഴ്ച പ്രവർത്തനം തുടരുന്ന കാർ നിർമാണ വിഭാഗത്തിന് ഞായറാഴ്ചത്തെ അവധി തുടരും. ഒപ്പം ഈ വിഭാഗത്തിന്റെ പ്രവൃത്തി സമയം എട്ടു മണിക്കൂറായി നിലനിർത്തിയിട്ടുമുണ്ട്. മൊത്തം 11,000 ജീവനക്കാരാണു മാരുതി സുസുക്കിയിലുള്ളത് ഇതിൽ 1,000 ഓഫിസ് സ്റ്റാഫ് ഉൾപ്പടെ ആറായിരത്തോളം പേരാണു കാർ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നത്.