ഫോർബ്സ് അവാർഡ്: കെനിചി അയുകാവ മികച്ച സി ഇ ഒ

Kenichi Ayukawa

ഇക്കൊല്ലത്തെ ഫോർബ്സ് ഇന്ത്യ ലീഡർഷിപ് അവാർഡി(എഫ് ഐ എൽ എ)ൽ ബഹുരാഷ്ട്ര കമ്പനിയുടെ മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപനത്തിൽ ആഴത്തിലുള്ള മാറ്റങ്ങൾ നടപ്പാക്കിയതും സുസ്ഥിര വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കമ്പനിയെ നയിച്ചതുമാണ് അയുകാവയ്ക്ക് ഈ ബഹുമതി നേടിക്കൊടുത്തത്. യു എസിലും ജപ്പാനിലും പാകിസ്ഥാനിലും സുസുക്കിക്കൊപ്പം പ്രവർത്തിച്ച അയുകാവ 2013ലാണു മാരുതി സുസുക്കി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചുമതലയേറ്റത്. വിപണി വിജയം നേടിയ ‘ബലേനൊ’, ‘വിറ്റാര ബ്രേസ’, ‘സിയാസ്’, ‘സെലേറിയൊ’, ‘എസ് ക്രോസ്’ തുടങ്ങിയ മോഡലുകൾ അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

കാർ വാങ്ങുന്ന അനുഭവം മാറ്റിമറിക്കാനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘നെക്സ’ ഷോറൂം ശൃംഖല പുതിയ ഇടപാടുകാരെ വാഹനശാലയിലെത്തിച്ചെന്നും വിധി നിർണയ സമിതി വിലയിരുത്തി. സാങ്കേതിക വിഭാഗത്തിൽ ഓട്ടോ ഗീയർ ഷിഫ്റ്റ് സാങ്കേതികവിദ്യ ഇന്ത്യയിൽ അവതരിപ്പിച്ചതും അയുകാവയുടെ നേതൃത്വത്തിലാണ്. 2014ൽ ‘സെലേറിയൊ’യിലൂടെ അരങ്ങേറ്റം കുറിച്ച ഓട്ടോ ഗീയർ ഷിഫ്റ്റ് പിന്നീട് ‘ഓൾട്ടോ കെ 10’, ‘വാഗൻ ആർ’, ഡീസൽ എൻജിനുള്ള ‘സ്വിഫ്റ്റ് ഡിസയർ’ തുടങ്ങിയവയിലേക്കും വ്യാപിപ്പിച്ചു. സെഡാനായ ‘സിയാസി’ലും വിവിധോദ്ദേശ്യ വാഹനമായ ‘എർട്ടിഗ’യിലും കമ്പനി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ(എസ് എച്ച് വി എസ്)യും ലഭ്യമാക്കി.

സുരക്ഷ മെച്ചപ്പെടുത്താനായി വിവിധ മോഡലുകളിൽ സ്റ്റാൻഡേഡ്/ഓപ്ഷനൽ വ്യവസ്ഥയിൽ ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി) തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഇത്തരം നടപടികളുടെ പിൻബലത്തിൽ 2015 — 16ൽ ഇന്ത്യൻ കാർ വിപണിയിൽ 47% വിഹിതം സ്വന്തമാക്കാൻ മാരുതി സുസുക്കിക്കു കഴിഞ്ഞു; അഞ്ചു വർഷം മുമ്പ് മാരുതി സുസുക്കിയുടെ വിപണി വിഹിതം 38% ആയിരുന്നു. ഒപ്പം കമ്പനിയുടെ ലാഭത്തിൽ സ്ഥിരമായ വളർച്ച കൈവരിക്കാനും മാരുതി സുസുക്കിക്കു സാധിച്ചു.