മാരുതി സ്വിഫ്റ്റും ഓട്ടമാറ്റിക്കാകുന്നു

ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങൾക്കു ലഭിച്ച മികച്ച ജനപ്രീതി കണക്കിലെടുത്തു കൂടുതൽ വാഹനങ്ങളുടെ എഎംടി വകഭേദങ്ങൾ മാരുതി പുറത്തിറക്കുന്നു. ജനപ്രിയ ഹാച്ച് സ്വിഫ്റ്റിലായിരിക്കും കമ്പനി അടുത്തതായി എജിഎസ് (ഓട്ടോ ഗിയർ ഷിഫ്റ്റ്) ഓട്ടമാറ്റിക്ക് വകഭേദം നൽകുക. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടൻതന്നെ സ്വിഫ്റ്റ് എജിഎസ് മാരുതി പുറത്തിറക്കിയേക്കും എന്നാണു കമ്പനിയോടടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചന. സ്വിഫ്റ്റിന്റെ ‍ഡീസൽ വകഭേദത്തിലാകും എഎംടി ഗിയർബോക്സ് ഘടിപ്പിക്കുക.

സെലേറിയോയിലൂടെ മാരുതി പുറത്തിറക്കിയ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷന് മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. ഇതുവരെ എഎംടി ഗിയർബോക്സുള്ള ഒരു ലക്ഷത്തിലധികം വാഹനങ്ങൾ കമ്പനി പുറത്തിറക്കികഴിഞ്ഞു. 2015-16 സാമ്പത്തിക വർഷത്തിൽ 54,700 എഎംടി കാറുകളാണു കമ്പനി പുറത്തിറക്കിയത്. നിലവിൽ മാരുതി ഓൾട്ടോ, സെലേറിയോ, വാഗൺ ആർ, ഡിസയർ തുടങ്ങിയ വാഹനങ്ങൾക്ക് എഎംടി വകഭേദങ്ങളുണ്ട്.

ഭാവിയിൽ ബ്രെസ, ബലേനോ തുടങ്ങിയ മോഡലുകളുടേയും എജിഎസ് മോഡലുകൾ കമ്പനി പുറത്തിറക്കുമെന്നു കരുതപ്പെടുന്നു. എഎംടി ഗിയർബോക്സ് ഘടിപ്പിക്കുന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങൾ സ്വിഫ്റ്റിന് ഉണ്ടായിരിക്കില്ല. 74 ബിഎച്ച്പി കരുത്തും 200 എൻഎം ടോർക്കുമുള്ള 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ തന്നെയായിരിക്കും കാറിൽ.