സുസുക്കി വിൽപ്പനയിൽ പാതി സമ്മാനിക്കാൻ മാരുതി

അഞ്ചു വർഷത്തിനകം മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)ന്റെ ആഗോള വിൽപ്പനയിൽ പകുതിയും സംഭാവന ചെയ്യുക ഇന്ത്യൻ ഉപസ്ഥാപനമായ മാരുതി സുസുക്കിയാവുമെന്നു പ്രവചനം. 2020ൽ പ്രതീക്ഷിക്കുന്ന മൊത്തം വിൽപ്പനയെപ്പറ്റി എസ് എം സി ടോക്കിയോയിൽ നടത്തിയ അവതരണത്തിലാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സംഭാവന നിർണായകമാവുമെന്നു വ്യക്തമാവുന്നത്. പുതിയ മോഡൽ അവതരണങ്ങൾ വഴിയും ഉൽപ്പാദനശേഷി ഗണ്യമായി വർധിപ്പിച്ചുമാവുമത്രെ മാരുതി സുസുക്കി 2020ൽ നിർണായക വിൽപ്പന കൈവരിക്കുക.

കഴിഞ്ഞ വർഷം ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 29 ലക്ഷം യൂണിറ്റായിരുന്നു സുസുക്കി നേടിയ മൊത്തം വിൽപ്പന. 2020ൽ ഏഷ്യയിൽ നിന്നു പ്രതീക്ഷിക്കുന്ന വിൽപ്പനയാവട്ടെ 34 ലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വർഷം എസ് എം സി നേടിയ വിൽപ്പനയിൽ മാരുതി സുസുക്കിയുടെ വിഹിതം 13 ലക്ഷം യൂണിറ്റായിരുന്നു. 2020 ആകുമ്പോഴേക്ക് മാരുതി സുസുക്കിയിൽ നിന്നു പ്രതീക്ഷിക്കുന്ന വിൽപ്പന 20 ലക്ഷം യൂണിറ്റായിട്ടാണ് ഉയരുക.

സുസുക്കിയും ഇന്ത്യൻ സർക്കാരുമായുള്ള സംയുക്ത സംരംഭമെന്ന നിലയിലായിരുന്നു മാരുതി ഉദ്യോഗിന്റെ തുടക്കം. എന്നാൽ ഇപ്പോൾ സുസുക്കിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാറിയിട്ടുണ്ട്. 2020ൽ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്ന സുസുക്കിക്ക് തീർത്തും അനുയോജ്യമായ സമ്മാനം നൽകുന്നതും ഒരു പക്ഷേ മാരുതി തന്നെയാവും.

അതിനിടെ എസ് എം സി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ചെയർമാനുമൊക്കെയായ ഒസാമു സുസുക്കി(85)യുടെ പിൻഗാമിയായി മകനും കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ തൊഷിഹിരൊ സുസുക്കിയെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പ്രസിഡന്റ് പദം മകനു നൽകിയശേഷം കമ്പനിയുടെ സി ഇ ഒ, ചെയർമാൻ സ്ഥാനങ്ങളിൽ തുടരാനാണ് ഒസാമു സുസുക്കിയുടെ തീരുമാനം.

സുസുക്കി കുടുംബത്തിന്റെ മരുമകനായെത്തിയ ഒസാമു മാറ്റ്സുഡ 1958ലാണ് എസ് എം സിയിൽ പ്രവേശിക്കുന്നത്. തുടർന്നുള്ള നാലു ദശാബ്ദത്തിനിടെ അദ്ദേഹം തറി നിർമാണത്തിനായി ഭാര്യയുടെ മുത്തച്ഛൻ സ്ഥാപിച്ച കമ്പനിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന നിർമാതാക്കളാക്കി മാറ്റി. ജപ്പാനിൽ നാലാം സ്ഥാനത്തെത്തിയതിനു പുറമെ ഇന്ത്യ പോലുള്ള തന്ത്രപ്രധാന വിപണിയിൽ സമഗ്ര ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞതും ഒസാമു സുസുക്കിയുടെ വിജയമാണ്.

പോരെങ്കിൽ 2020ലേക്കു സുസുക്കി നിശ്ചയിച്ച വിൽപ്പന ലക്ഷ്യം കൈവരിക്കുക പ്രയാസമാവില്ലെന്നാണു മാരുതിയുടെ വിലയിരുത്തൽ. 2013 ഒക്ടോബർ മുതൽ മാരുതി സുസുക്കിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമായി പ്രവർത്തിക്കുന്ന പുതിയ പ്രസിഡന്റ് തൊഷിഹിരൊ സുസുക്കിക്കും കമ്പനിയുടെ പ്രവർത്തനത്തെപ്പറ്റി മികച്ച ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയോടുള്ള നിലപാടിൽ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നു മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫസറുമായ കെനിചി അയുകാവ അഭിപ്രായപ്പെട്ടു.