എ എം ടി ഉൽപ്പാദനം മൂന്നിരട്ടിയാക്കാൻ മാരുതി സുസുക്കി

ഗീയർരഹിത കാറുകൾക്കുള്ള ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഉൽപ്പാദനം മൂന്നിരട്ടിയാക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) തയാറെടുക്കുന്നു. ‘സെലേറിയൊ’, ‘ഓൾട്ടോ കെ 10’ എന്നിവയുടെ എ എം ടി വകഭേദത്തിന് ആവശ്യമേറുന്നതാണു മാരുതി സുസുക്കിയെ മാറി ചിന്തിക്കാൻ നിർബന്ധിതരാക്കിയത്. ഇതോടെ എ എം ടിയുടെ പ്രതിമാസ ഉൽപ്പാദനം 4,000 യൂണിറ്റിൽ നിന്ന് 8,000 ആക്കി ഉയർത്തിയിരുന്നു. വൈകാതെ എ എം ടി ഉൽപ്പാദനം 12,000 യൂണിറ്റിലെത്തിക്കാനും കമ്പനി ലക്ഷ്യമിട്ടിട്ടുണ്ട്. ഇതോടെ എ എം ടി ലഭ്യതയിൽ ഇപ്പോൾ നേരിടുന്ന പരിമിതികൾക്ക് അറുതിയാവുമെന്നും മാരുതി സുസുക്കി കണക്കുകൂട്ടുന്നു.

വാഹന വിപണി നില മെച്ചപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങൾ വിൽപ്പന കണക്കുകളിൽ പ്രകടമാണെന്നും കമ്പനി വിശദീകരിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസക്കാലത്തെ വിൽപ്പനയിൽ ആദ്യമായി കാർ വാങ്ങുന്നവരുടെ വിഹിതം 46% ആയിരുന്നു. രണ്ടു മൂന്നു വർഷം മുമ്പു വരെ ആദ്യ കാർ വാങ്ങുന്നവരിൽ നിന്നുള്ള സംഭാവന 43% മാത്രമായിരുന്നു.

ആഗോളവിപണിയിൽ അസംസ്കൃത എണ്ണ വില ഇടിഞ്ഞതോടെ ഇന്ധന വിലകളിൽ രേഖപ്പെടുത്തിയ കുറവും കാർ നിർമാതാക്കൾക്ക് ആശ്വാസമേകുന്നുണ്ട്. ഡീസൽ — പെട്രോൾ വിലകളിലെ അന്തരം കുറഞ്ഞതോടെ പെട്രോൾ എൻജിനുള്ള മോഡലുകൾക്ക് വിൽപ്പനയേറിയിട്ടുണ്ടെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

സാഹചര്യം അനുകൂലമായതോടെ ഇന്ത്യൻ കാർ വിപണിയിൽ മാരുതി സുസുക്കി പിടിമുറുക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്തെ കണക്കനുസരിച്ചു പാസഞ്ചർ കാർ വിഭാഗത്തിൽ മാരുതി സുസുക്കിയുടെ വിപണി വിഹിതം 54% ആയി ഉയർന്നിട്ടുണ്ട്. 2014ൽ ഇതേകാലത്ത് ഈ വിപണിയിൽ 51 ശതമാനമായിരുന്നു കമ്പനിയുടെ വിഹിതം. പുത്തൻ അവതരണങ്ങളും വിപണന ശൃംഖലയിലെ വിപുലീകരണവുമാണു നില മെച്ചപ്പെടുത്താൻ സഹായിച്ചതെന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തൽ. സെഡാൻ വിഭാഗത്തിൽ ‘സ്വിഫ്റ്റ് ഡിസയറി’നൊപ്പം ‘സിയാസ്’ കൂടിയെത്തിയതും ‘എസ് ക്രോസി’ലൂടെ പ്രീമിയം ക്രോസ്ഓവർ വിപണിയിൽ ഇടം നേടാനായതും വിലയേറിയ കാറുകൾക്കായി ‘നെക്സ’ എന്ന പേരിൽ പുതിയ, ആധുനിക വിപണനശൃംഖലയ്ക്കു തുടക്കമിട്ടതുമൊക്കെ വരുംനാളുകളിൽ കമ്പനിക്കു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ.