ക്വിഡിന് എതിരാളിയുമായി മാരുതി

Suzuki Crosshiker Concept

ചെറു ഹാച്ചുകൾക്ക് പുതിയ മുഖം നൽകിയാണ് റെനൊ ക്വി‍ഡ് പുറത്തിറങ്ങിയത്. എൻട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്മെന്റിൽ വേറിട്ട മുഖമുമായി എത്തിയ ക്വിഡ് തുടക്കം തന്നെ വിപണിയിൽ തരംഗം സൃഷ്ടിച്ചു. ഇന്ത്യയിൽ അത്ര ജനകീയമല്ലായിരുന്ന റെനൊ എന്ന ഫ്രഞ്ച് കമ്പനിയുടെ തലവര മാറ്റിയതും സ്പോർട്ടി ലുക്കുള്ള ഈ ചെറു ഹാച്ചാണ്. ക്വി‍ഡിന് ലഭിച്ച സ്വീകാര്യത മുതലെടുക്കാനെത്തുകയാണ് മാരുതി സുസുക്കിയും.

സ്പോർട്ടി രൂപവും എസ്‌യു‌വികളുടെ ഭാവവുമുള്ള ചെറു ഹാച്ച് പുറത്തിറക്കിയാണ് മാരുതി സുസുക്കി വിപണി പിടിക്കാൻ ഒരുങ്ങുന്നത്. 2013 സുസുക്കി പുറത്തിറക്കിയ ക്രോസ്ഹൈക്കർ കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡലാണ് ക്വിഡിനോടു മത്സരിക്കാൻ എത്തുന്നത്. നിലവിലെ ഓൾട്ടോ കെ 10 ന് പകരക്കാരനായി എത്തുന്ന കാർ അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂ‍ഡൽഹി ഓട്ടോഎക്സ്പോയിൽ കമ്പനി പ്രദർശിപ്പിക്കുമെന്നാണു സൂചന.

ക്രോസ് ഹാച്ചായി എത്തുന്ന വാഹനത്തിനു പെട്രോൾ പതിപ്പ് മാത്രമേ ഉണ്ടാകുകയുള്ളു. മാരുതി 800 ഉപയോഗിക്കുന്ന 800 സിസി എൻജിനും കെ10 ന് ഉപയോഗിക്കുന്ന 1 ലീറ്റർ എൻജിനുമായിരിക്കും പുതിയ കാറിൽ. എസ്‌യു‌വി ലുക്കിന് കൂടുതൽ പ്രാധാന്യം നൽകുന്ന കൺസെപ്റ്റിന്റെ അതേ തരത്തിൽ തന്നെയായിരിക്കും പ്രൊഡക്‌ഷൻ മോഡലും. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം അവസാനത്തോടെ വാഹനം വിപണിയിലെത്തുമെന്നാണു പ്രതീക്ഷ.