മസെരാട്ടി മടങ്ങിയെത്തി; കാർ വില 2.20 കോടി വരെ

ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടി ഇന്ത്യയിൽ തിരിച്ചെത്തി. സെപ്റ്റംബറോടെ മൂന്നു പുതിയ ഡീലർഷിപ്പുകൾ തുറക്കുന്ന കമ്പനി 2.20 കോടി രൂപ വരെ വില മതിക്കുന്ന മോഡലുകളാണ് ഇന്ത്യയിൽ ലഭ്യമാക്കുക. ഒപ്പം അടുത്ത വർഷം അരങ്ങേറ്റം കുറിക്കുന്ന പുത്തൻ സ്പോർട്സ് യൂട്ടിലിറ്റി വാഹനം(എസ് യു വി) ആദ്യ ഘട്ടത്തിൽ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. 2005 മുതൽ ഫിയറ്റ് ഗ്രൂപ്പിന്റെ ഭാഗമായ മസെരാട്ടി, ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് ഇന്ത്യയുടെ സഹകരണത്തോടെയാണു തിരിച്ചെത്തുന്നത്.

നാലു വർഷം മുമ്പു 2011ൽ തന്നെ മസെരാട്ടിക്ക് ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നതാണ്; ശ്രേയൻസ് ഗ്രൂപ്പായിരുന്നു കമ്പനിയുടെ ഔദ്യോഗിക ഇറക്കുമതിക്കാർ. എന്നാൽ വിൽപ്പനാന്തര സേവനത്തെക്കുറിച്ച് പരാതികളേറെയിതോടെ കഴിഞ്ഞ ഏപ്രിലിൽ ഫെറാരിയും മസെരാട്ടിയും ശ്രേയൻസ് ഗ്രൂപ്പുമായുള്ള വിപണന കരാർ അവസാനിപ്പിക്കുകയായിരുന്നു.

അത്യാഡംബര വസ്തുക്കൾക്കുള്ള ആവശ്യം പരിഗണിച്ചും ഇന്ത്യൻ ഇടപാടുകാരോടുള്ള പ്രതിബദ്ധത മൂലവുമാണു മസെരാട്ടി മടങ്ങിയെത്തുന്നതെന്നു ഇന്ത്യയിലെ കമ്പനി മേധാവി ബോജൻ ജാൻകുലോവ്സ്കി വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള പുതിയ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചു കാർ വിൽപ്പന വർധിപ്പിക്കാനാണു മസെരാട്ടിയുടെ തീരുമാനം.രണ്ടാം വരവിൽ ‘ക്വാട്രോപോർട്ടെ’, ‘ഘിബ്ലി’, ‘ഗ്രാൻ ടുറിസ്മൊ’, ‘ഗ്രാൻ കബ്രിയൊ’ എന്നീ മോഡലുകളാണു മസെരാട്ടി ഇന്ത്യയിൽ ലഭ്യമാക്കുന്നത്; 1.14 കോടി മുതൽ 2.20 കോടി രൂപ വരെയാണ് ഇവയുടെ വില.

ന്യൂഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലാണു മസെരാട്ടി പുതിയ ഡീലർഷിപ്പുകൾ തുറക്കുന്നത്; എ എം പി സൂപ്പർ കാഴ്സ്, ബഗ്ഗ ലക്ഷ്വറി മോട്ടോർ കാഴ്സ്, ജൂബിലന്റ് ഓട്ടോവർക്സ് എന്നിവരാണ് ഈ നഗരങ്ങളിലെ മസെരാട്ടി ഡീലർമാർ. രാജ്യാന്തര നിലവാരം പുലർത്തുന്ന വിൽപ്പനാന്തര സേവനവും സർവീസ് സൗകര്യവും പുതിയ ഡീലർഷിപ്പുകളിൽ ഉറപ്പാക്കുമെന്നു ജാൻകുലോവ്സ്കി അറിയിച്ചു. ഭാവിയിൽ കൊൽക്കത്ത, ഹൈദരബാദ്, അഹമ്മദബാദ്, ചെന്നൈ നഗരങ്ങളിലും പുതിയ ഷോറൂമുകൾ തുറക്കാൻ മസെരാട്ടിക്കു പദ്ധതിയുണ്ട്.

വേറിട്ട വ്യക്തിത്വം ഉറപ്പാക്കേണ്ടതിനാൽ വാരിവലിച്ചുള്ള വിൽപ്പന കമ്പനി ലക്ഷ്യമിടുന്നില്ലെന്നു മസെരാട്ടിമാനേജിങ് ഡയറക്ടർ(മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക) ഉംബർട്ടൊ സിനി വ്യക്തമാക്കി. കഴിഞ്ഞ തവണ മസെരാട്ടി ഇന്ത്യയിൽ വിറ്റത് 10 യൂണിറ്റുകളാണ്; ഇപ്പോഴും മസെരാട്ടി ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വാർഷിക വിൽപ്പന ഇത്രയൊക്കെയാണെന്നാണു സിനി നൽകുന്ന സൂചന.

ഇറ്റലിയിൽ നിർമിച്ച കാറുകൾ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക. കഴിഞ്ഞ വർഷം 36,500 കാറുകളാണു മസെരാട്ടി ആഗോളതലത്തിൽ വിറ്റത്; യു എസും ചൈനയുമായിരുന്നു പ്രധാന വിപണികൾ. ഇക്കൊല്ലം മൊത്തം 75,000 കാറുകൾ വിൽക്കാനാണു മസെരാട്ടി ലക്ഷ്യമിടുന്നത്.