മസെരാട്ടി ഷോറൂം ഡൽഹിയിൽ തുറന്നു

ഇന്ത്യൻ വിപണിയിൽ മടങ്ങിയെത്തിയ ഇറ്റാലിയൻ ആഡംബര കാർ നിർമാതാക്കളായ മസെരാട്ടിയുടെ ആദ്യ ഷോറൂം രാജ്യതലസ്ഥാനത്തു പ്രവർത്തനം തുടങ്ങി. ന്യൂഡൽഹിയിൽ മഥുര റോഡിൽ എ എം പി സൂപ്പർകാഴ്സ് ആരംഭിച്ച ഷോറൂമിൽ സെഡാനായ ‘ഘിബ്ലി’, ‘ക്രാട്രോപൊർട്ടെ’, സ്പോർട്സ് കൂപ്പെയായ ‘ഗ്രാൻടുറിസ്മൊ’, ‘ഗ്രാൻകബ്രിയൊ’ എന്നിവയൊക്കെ അണിനിരക്കുന്നുണ്ട്. പ്രത്യേക കസ്റ്റമർ ലോഞ്ചും ഉടമയുടെ ഇഷ്ടാനുസരണം കാറുകൾ സജ്ജീകരിക്കുന്ന കോൺഫിഗറേറ്റർ എരിയയുമുള്ള ഷോറൂമിൽ വിൽപ്പനാന്തര സേവനത്തിനൊപ്പം മസെരാട്ടി സ്പെയർ പാർട്സും ലഭ്യമാണ്.

ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബൈൽസി(എഫ് സി എ)ന്റെ ഉടമസ്ഥതയിലുള്ള മസെരാട്ടിക്ക് മൂന്നു വർഷം മുമ്പു തന്നെ ഇന്ത്യയിൽ സാന്നിധ്യമുണ്ടായിരുന്നതാണ്; ശ്രേയൻസ് ഗ്രൂപ്പായിരുന്നു അന്ന് കമ്പനിയുടെ ഔദ്യോഗിക ഇറക്കുമതിക്കാർ. എന്നാൽ വിൽപ്പനാന്തര സേവനത്തെക്കുറിച്ച് പരാതികളേറിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഫെറാരിയും മസെരാട്ടിയും ശ്രേയൻസ് ഗ്രൂപ്പുമായുള്ള വിപണന കരാർ അവസാനിപ്പിക്കുകയായിരുന്നു.

എഫ് സി എയുടെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ഫെറാരിയുടെ പാത പിന്തുടർന്നാണു മസെരാട്ടിയും ഇന്ത്യയിൽ സ്വന്തം നിലയിൽ വിൽപ്പനയും വിപണനവും ആരംഭിക്കുന്നത്. രണ്ടാം വരവിൽ ന്യൂഡൽഹിക്കു പിന്നാലെ ബഗ്ഗ ലക്ഷ്വറി കാഴ്സുമായി സഹകരിച്ചു മുംബൈയിലും ജൂബിലന്റ് ഓട്ടോ വർക്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു ബെംഗളൂരുവിലും ഡീലർഷിപ്പുകൾ തുറക്കാൻ മസെരാട്ടിക്കു പദ്ധതിയുണ്ട്.

ഡൽഹിയിൽ പുതിയ ഷോറൂം തുറന്ന് ഇന്ത്യയിൽ മടങ്ങിയെത്താൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്നു മസെരാട്ടിയുടെ ഇന്ത്യൻ മേധാവി ബൊജൻ ജാൻകുലോവ്സ്കി അഭിപ്രായപ്പെട്ടു. ഇടപാടുകാർ പ്രതീക്ഷിക്കുന്ന ലോകോത്തര നിലവാരം ഉറപ്പാക്കാൻ മസെരാട്ടിയും എ എം പി സൂപ്പർകാഴ്സും തീവ്രശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ എം പി സൂപ്പർകാഴ്സിനൊപ്പം മസെരാട്ടി ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നതിൽ അഭിമാനമുണ്ടെന്ന് ഡീലർ പ്രിൻസിപ്പൽ ഗുർമീത് ആനന്ദ് അറിയിച്ചു. ആഡംബരം, മികവ്, വ്യക്തിഗത സേവനം തുടങ്ങിയ മേഖലകളിൽ മസെരാട്ടി പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങൾ ഇടപാടുകാരിലെത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മസെരാട്ടി മോഡൽ ശ്രേണിയുടെ ഡൽഹിയിലെ ഷോറൂം വില(കോടി രൂപയിൽ): ‘ഘിബ്ലി’ ഡീസൽ — 1.1, ‘ക്രാട്രോപൊർട്ടെ’ ഡീസൽ — 1.50, ‘ഗ്രാൻടുറിസ്മൊ’ — 1.80, ‘ഗ്രാൻകബ്രിയൊ’ — 2.00, ‘ക്രാട്രോപൊർട്ടെ’ ജി ടി എസ് — 2.20.